ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിലും പ്രതിപക്ഷത്തിന്റെ ഭാവിയിലും കരിനിഴല്‍ വീഴ്ത്തി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി പോര്. ഇതുവരെ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുന്നയിച്ചിരുന്നെങ്കിലും ദേശീയതലത്തിലുള്ള സഖ്യത്തെ മാനിച്ച് ദേശീയ നേതാക്കള്‍ ഇതില്‍നിന്ന് വിട്ടുനിന്നിരുന്നു.
എന്നാല്‍, സീലാംപുരില്‍ തിങ്കളാഴ്ച നടന്ന ആദ്യറാലിയില്‍ എ.എ.പി. കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. കെജ്രിവാളിനെ നേരിട്ട് അക്രമിക്കുന്നതില്‍നിന്ന് വിട്ടുനിന്നിരുന്ന രാഹുലിന്റെ അപ്രതീക്ഷിത നീക്കം ഡല്‍ഹിയിലെ രാഷ്ട്രീയ ഭൂമികയെ മാത്രമല്ല, ഇന്ത്യസഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെയും ബാധിക്കും.
ഹരിയാണയിലുള്‍പ്പെടെ എ.എ.പി.യുമായി സഖ്യമുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ബന്ധിച്ച രാഹുലാണ് സാമൂഹികനീതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കെജ്രിവാളും ഒരുപോലാണെന്ന് ആരോപിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ഇന്ത്യ സഖ്യം നിലനിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷം ഇല്ലാതാവുമെന്നും പ്രതിപക്ഷത്തെ ബി.ജെ.പി. നിഷ്‌കാസനം ചെയ്യുമെന്നും ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി.
പിന്നാക്ക-ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യ സംവരണത്തിന് കെജ്രിവാള്‍ എതിരാണെന്നും മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ സംവരണം ഒരിക്കല്‍ക്കിട്ടിയവര്‍ക്ക് വീണ്ടും നല്‍കരുതെന്ന് കെജ്രിവാള്‍ പറയുന്ന പഴയ വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കി.
ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും രാഹുലിന്റെ പോരാട്ടം കോണ്‍ഗ്രസിനെ രക്ഷിക്കാനാണെന്നും തന്റേത് രാജ്യത്തെ സംരക്ഷിക്കാനാണെന്നുമാണ് കെജ്രിവാള്‍ മറുപടി പറഞ്ഞത്. രാഹുലിനെതിരേ സഞ്ജയ് സിങ് അടക്കമുള്ള എ.എ.പി. നേതാക്കളും രംഗത്തുവന്നു.
കോണ്‍ഗ്രസും എ.എ.പി.യും തമ്മില്‍ത്തല്ലുന്നതിനിടയില്‍ മറ്റ് ഇന്ത്യപാര്‍ട്ടി നേതാക്കളും പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നത് സഖ്യത്തെ ഉലയ്ക്കുകയാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, ശിവസേന ഉദ്ധവ് വിഭാഗം, ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയെല്ലാം ഡല്‍ഹി വിഷയത്തില്‍ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരാണെന്നതും ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാവിവെല്ലുവിളിയാണ്.