തിരുവനന്തപുരം: ഭിക്ഷ യാചിച്ചുനടന്ന വയോധികയെ വീടിനുള്ളില്‍ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാരനെയും സുഹൃത്തിനെയും കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതികളായ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു(41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിന്‍ (44) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് വാദം കേള്‍ക്കാത്തതിനാല്‍ പ്രതികള്‍ക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് പൂവച്ചല്‍ യു.പി. സ്കൂളിന് സമീപം സജിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് വയോധികയെ പൂട്ടിയിട്ടത്. ബഹളം കേട്ട് നാട്ടുകാരാണ് വിഷയത്തില്‍ ഇടപെട്ട് പോലീസില്‍ അറിയിച്ച് ഇവരെ മോചിപ്പിച്ചത്.
അതേസമയം, തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വയോധിക കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി വിവരമുണ്ട്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പോലീസും പ്രോസിക്യൂഷനും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.