IndiaNEWS

‘ഇന്‍ഡ്യ’യില്‍ വിള്ളല്‍ രൂക്ഷമാകുന്നു; ഡല്‍ഹിയില്‍ ‘കൈ’പിടിക്കാതെ എസ്.പി, പിന്തുണ കെജ്രിവാളിന്

ന്യൂഡല്‍ഹി: ‘ഇന്‍ഡ്യാ’ സഖ്യത്തിലെ വിള്ളല്‍ വലുതാകുന്നുവെന്ന സൂചനകള്‍ നല്‍കി സമാജ്വാദി പാര്‍ട്ടി(എസ്പി). ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കാണ്(എഎപി) പിന്തുണയെന്ന് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്പി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഡല്‍ഹിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ കഴിയൂവെന്ന് അഖിലേഷ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുമായി വേദി പങ്കിടും. ഇവിടെ കോണ്‍ഗ്രസിനല്ല പിന്തുണ, ബിജെപിയെ ആരു തോല്‍പ്പിച്ചാലും സമാജ്വാദി പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. അതേസമയം അഖിലേഷിന്റെ പിന്തുണക്ക് നന്ദി അറിയിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തി. ഇതാദ്യമായല്ല അഖിലേഷ് യാദവ് എഎപിയെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ മാസം, ദേശീയ തലസ്ഥാനത്ത് കെജ്രിവാളിന്റെ ‘മഹിളാ അദാലത്ത്’ ക്യാമ്പയിന്‍ ചേര്‍ന്നപ്പോള്‍ അഖിലേഷ് അതിന്റെ ഭാഗമായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എഎപിക്ക് ഒരവസരം കൂടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Signature-ad

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു. ആം ആദ്മി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രീതി നോക്കുകയാണെങ്കില്‍, അവര്‍ക്ക് ഇനിയും അവസരം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, ഡല്‍ഹിയില്‍, സഖ്യങ്ങളൊന്നുമില്ലാതെ ഒറ്റക്ക് തന്നെ മത്സരിക്കാന്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, 70 സീറ്റുകളിലും ബിഎസ്പി മത്സരിച്ചിരുന്നുവെങ്കിലും ഒന്നില്‍ പോലും വിജയിക്കാനായിരുന്നില്ല. എന്നിരുന്നാലും, പാര്‍ട്ടിക്ക് 0.71 ശതമാനം വോട്ട് വിഹിതം ലഭിച്ചു. 2015, 2013, 2008 വര്‍ഷങ്ങളിലും ബിഎസ്പി എല്ലാ സീറ്റിലും മത്സരിച്ചിരുന്നു.

എന്നാല്‍, അഖിലേഷ് യാദവ് എഎപിയെ പിന്തുണച്ചാലും സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തുമെന്നും സന്ദീപ് ദീക്ഷിത് പറയുന്നു. സന്ദീപാണ് ന്യൂഡല്‍ഹി മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എഎപിയും കോണ്‍ഗ്രസും അത്ര രസത്തിലല്ല. പല സന്ദര്‍ഭങ്ങളിലും ഇരുവരും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും വെവ്വേറെയാണ് മത്സരിച്ചിരുന്നത്. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, അസം എന്നിവിടങ്ങളിലാണ് സഖ്യമുണ്ടായിരുന്നത്. പിന്നാലെ നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇരു പാര്‍ട്ടികളും അകന്നു.

സഖ്യമായി മത്സരിക്കാന്‍ കോണ്‍ഗ്രസിന്റ ദേശീയ നേതൃത്വം ആഗ്രച്ചിരുന്നുവെങ്കിലും സംസ്ഥാന തലത്തില്‍ നടപ്പിലായിരുന്നില്ല. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി എസ്പിയും അടുപ്പത്തിലല്ല. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ എസ്പി ഒറ്റക്കാണ് മത്സരിച്ചത്. കോണ്‍ഗ്രസ് ചോദിച്ച സീറ്റുകള്‍ എസ്പി വിട്ടുനല്‍കിയിരുന്നില്ല. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: