CrimeNEWS

ആദിത്യക്കെതിരെ സൃഷ്ടി പരാതിപ്പെട്ടിട്ടില്ല; വനിതാ പൈലറ്റിന്റെ ആത്മഹത്യയില്‍ കാമുകന് ജാമ്യം

മുംബൈ: എയര്‍ഇന്ത്യാ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന്‍ ആദിത്യ പണ്ഡിറ്റിന് ജാമ്യം. ആദിത്യക്കെതിരെ സൃഷ്ടി കുടുംബത്തോടോ അധികൃതരോടോ പരാതി ഉന്നയിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ടി.ടി അഗലവെയാണ് ആദിത്യയ്ക്ക് ജാമ്യം അനുവദിച്ചത്.

നവംബര്‍ 25-നാണ് എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശേഷം ആദിത്യ പണ്ഡിറ്റിനെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദിത്യ പണ്ഡിറ്റിനെതിരെ സൃഷ്ടിയുടെ അമ്മാവനാണ് പരാതി നല്‍കിയത്.

Signature-ad

അതേസമയം ഇരുവരും തമ്മില്‍ ചിലപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ആദിത്യ ക്രിമിനല്‍ മനോഭാവത്തോടെ യാതൊന്നും ചെയ്തിട്ടില്ലെന്നും ആദിത്യയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു.

ആദിത്യ സൃഷ്ടിയോട് നിരന്തരം മോശമായി പെരുമാറാറുണ്ടായിന്നുവെന്നാണ് പ്രഥമവിവരറിപ്പോര്‍ട്ട്. സൃഷ്ടിയെ ആദിത്യ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ആദിത്യയുടെ സഹോദരിയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് പത്തുദിവസത്തോളം പിണങ്ങിയെന്നും എഫ്.ഐ.ആറിലുണ്ട്. സൃഷ്ടിയുടെ അമ്മാവനെ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറയുന്നത്. സൃഷ്ടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയതെന്നും അമ്മാവന്‍ വിവേക് കുമാര്‍ തുലി പറഞ്ഞു. ആദിത്യയുടെ മോശം പെരുമാറ്റം സൃഷ്ടിയെ മാനസികമായി തകര്‍ത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ഡല്‍ഹിയില്‍ കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ട്രെയിനിങ്ങിനിടെയാണ് രണ്ടു വര്‍ഷം മുമ്പ് ആദിത്യയും സൃഷ്ടിയും തമ്മില്‍ പരിചയപ്പെടുന്നത്. ഡല്‍ഹിയിലെ ദ്വാരകയിലായിരുന്നു ഇക്കാലത്ത് സൃഷ്ടി താമസിച്ചിരുന്നത്. ട്രെയിനിങ്ങിനുശേഷം കഴിഞ്ഞവര്‍ഷം ജൂണില്‍ എയര്‍ഇന്ത്യയില്‍ ജോലി ലഭിച്ച സൃഷ്ടി മുംബൈയിലേക്ക് താമസം മാറി.

അതേസമയം, പൈലറ്റ് യോഗ്യതാപരീക്ഷയെഴുതിയ ആദിത്യ പരാജയപ്പെട്ടു. ആദിത്യ പരസ്യമായി സൃഷ്ടിയെ ശാസിക്കുന്നത് പതിവായിരുന്നു. ഒരു പാര്‍ട്ടിയില്‍വെച്ച് മാംസാഹാരം കഴിച്ചതിന് ആദിത്യ സൃഷ്ടിയോട് കലഹിച്ചു. മേലില്‍ നോണ്‍-വെജ് ഭക്ഷണം കഴിക്കരുതെന്ന് താക്കീത് ചെയ്തു. ആദിത്യ സൃഷ്ടിയെ ഒരുപാട് ദ്രോഹിച്ചുവെന്നും എന്നിട്ടും സൃഷ്ടി ഇയാളെ സ്നേഹിച്ചുവെന്നും അമ്മാവന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഗോരഖ്പുരില്‍നിന്നുള്ള ആദ്യ വനിതാ പൈലറ്റാണ് സൃഷ്ടി.

Back to top button
error: