IndiaNEWS

ആംബുലന്‍സ് സ്പീഡ് ബ്രേക്കറില്‍ കയറിയപ്പോള്‍ മരിച്ചയാള്‍ക്ക് പുനര്‍ജന്‍മം!

മുംബൈ: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ഒടുവില്‍ ചിതയിലേക്ക് എടുക്കുന്നതിനു മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, മഹാരാഷ്ട്രയിലെ കോലാപൂരില്‍ മരിച്ചയാള്‍ക്ക് പുനര്‍ജന്‍മം നല്‍കിയത് റോഡിലെ സ്പീഡ് ബ്രേക്കറായിരുന്നു. മരിച്ചയാളുടെ മൃതദേഹവുമായി ആംബുലന്‍സ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. വാര്‍ത്ത വൈറലായതോടെ ഇത് അത്ഭുതമാണോ അതോ ഡോക്ടര്‍മാരുടെ പിഴവാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഡിസംബര്‍ 16നാണ് സംഭവം. പാണ്ഡുരംഗ് ഉള്‍പെ എന്ന 65കാരനെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് കോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയും ഉള്‍പെയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ആംബുലന്‍സ് റോഡിലെ സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങിയപ്പോള്‍ ഉള്‍പെ ശ്വസിക്കുന്നതായും വിരലുകള്‍ ചലിക്കുന്നതായും ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുവിടാന്‍ ഭാര്യ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ഉള്‍പെക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്കും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് ഉള്‍പെ.

Signature-ad

തന്നെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് ഉള്‍പെ. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂവെന്ന് ഹൃദ്രോഗ വിദഗ്ധന്‍ ഡോ.സ്‌നേഹദീപ് പാട്ടീല്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: