തൃശ്ശൂര്‍: ബാറുടമകളില്‍നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 74,820 രൂപയും 12 കുപ്പി വിദേശമദ്യവും പിടികൂടി. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റാണ് ചൊവ്വാഴ്ച വൈകീട്ട് നാലോടെ പരിശോധന നടത്തിയത്.
തൃശ്ശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലും പരിസരത്തും നടത്തിയ പരിശോധനയില്‍ എസ്.ഐ. അശോക് കുമാറിന്റെ കൈയില്‍നിന്നാണ് കണക്കില്‍പ്പെടാത്ത 32,820 രൂപയും നിര്‍ത്തിയിട്ട ഔദ്യോഗികവാഹനത്തിന്റെ മുന്‍സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 42,000 രൂപയും കണ്ടെത്തിയത്. വാഹനത്തിന്റെ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് 12 കുപ്പി വിദേശമദ്യം കണ്ടെത്തിയത്.
തുടരന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സിന്റെ ടോള്‍ഫ്രീ നമ്പറായ 1064 ലോ 8592900900 എന്ന നമ്പറിലോ, വാട്സാപ്പ് നമ്പറായ 9447789100 എന്നതിലോ അറിയിക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിച്ചു.