വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവര്‍ക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവര്‍ ജില്ല വിട്ട് പോയിട്ടുണ്ടാവാമെന്നാണ് പോലീസ് വിലയിരുത്തല്‍.
കേസില്‍ ചൊവ്വാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കണിയാമ്പറ്റ പടിക്കംവയല്‍ പച്ചിലക്കാട് കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കല്പറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.
അഭിരാമിനെയും അര്‍ഷിദിനെയും എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാനന്തവാടി-പുല്പള്ളി റോഡിലെ കൂടല്‍ക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്. പരിക്കേറ്റ മാതന്‍ മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാനന്തവാടി പോലീസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയ കേസ് ചൊവ്വാഴ്ച പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്.) പോലീസിനു കൈമാറി. എസ്.എം.എസ്. ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ. സുരേഷ് കുമാറാണ് കേസന്വേഷിക്കുന്നത്.