CrimeNEWS

ആറു വയസു മുതല്‍ കൊടുംപീഡനം; യു.കെയില്‍ പത്തു വയസുകാരിയുടെ കൊലപാതകത്തില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

ലണ്ടന്‍: ലണ്ടനില്‍ പാക്കിസ്ഥാന്‍ വംശജയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉര്‍ഫാന്‍ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ ബട്ടൂല്‍ (30) എന്നിവരെ ലണ്ടന്‍ ഓള്‍ഡ് ബെയ്ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉര്‍ഫാന് 40 വര്‍ഷവും ബീനാഷയ്ക്ക് 33 വര്‍ഷവുമാണ് തടവുശിക്ഷ.

ആറു വയസ്സ് മുതല്‍ സാറാ ഷെരീഫിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന ഭീകരമായ മര്‍ദനവും കുട്ടിക്കെതിരെ നടന്നിരുന്നു. പ്രതികള്‍ വിചാരണ വേളയില്‍ പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാണിച്ചില്ലെന്നും ശിക്ഷാ വിധിയില്‍ ജഡ്ജി ജോണ്‍ കവാനി എടുത്തു പറഞ്ഞു.

Signature-ad

ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികള്‍ സാറയെ മര്‍ദിച്ചിരുന്നതെന്നും ശുചിമുറി ഉപയോഗിക്കുന്നതില്‍നിന്നു പെണ്‍കുട്ടിയെ തടഞ്ഞിരുന്നതായും വിധിയില്‍ പറയുന്നുണ്ട്. 2023 ഓഗസ്റ്റിലാണ് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടില്‍ സാറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ സാറയുടെ ദേഹത്ത് 71 മുറിവുകളാണ് കണ്ടെത്തിയത്. സാറയുടെ 25 എല്ലുകള്‍ക്ക് ഒടിവുകള്‍ സംഭവിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി.

”എന്റെ മകള്‍ ഇപ്പോള്‍ സ്വര്‍ഗത്തില്‍നിന്നു ഞങ്ങളെ നോക്കുന്ന ഒരു മാലാഖയായി മാറിയിരിക്കും, ഒരു കുട്ടിയോട് എങ്ങനെയാണ് ഇവര്‍ക്ക് ഇത്ര ക്രൂരമായി പെരുമാറി അതില്‍നിന്ന് ആനന്ദം കണ്ടെത്താന്‍ സാധിക്കുക.” ശിക്ഷാവിധിക്കും ശേഷം സാറയുടെ മാതാവ് ഓള്‍ഗ കോടതിയില്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഉര്‍ഫാനും ബീനാഷയും പാക്കിസ്ഥാനിലേക്ക് തിരികെ പോയിരുന്നു. തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിന്ന് ഇവരെ ലണ്ടനിലേക്ക് തിരികെ എത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്നതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും വിഷമകരവുമായ കേസാണ് സാറാ ഷെരീഫിന്റെ കൊലപാതകമെന്നാണ് ലണ്ടന്‍ പൊലീസ് വിശേഷിപ്പിച്ചത്.

Back to top button
error: