NEWSWorld

അസദ് വീണു, സൈന്യം പിന്‍വാങ്ങി; ഗോലന്‍ കുന്നിലെ ബഫര്‍ സോണ്‍ പിടിച്ചെടുത്ത് ഇസ്രയേല്‍

ടെല്‍ അവീവ്: അസദ് ഭരണകൂടത്തെ വീഴ്ത്തി സിറിയയില്‍ വിമതര്‍ രാജ്യംകീഴടക്കിയതിന് പിന്നാലെ ഗോലന്‍ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി. ഗോലന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ 1974-ല്‍ സിറിയയുമായി ഉണ്ടാക്കിയ ഉടമ്പടി തകര്‍ന്നുവെന്ന് വ്യക്തമാക്കിയാണ് ഇസ്രയേല്‍ സൈന്യം ഈ പ്രദേശം കൈവശപ്പെടുത്തിയത്.

ഗോലന്‍ കുന്നുകളുടെ ഇസ്രായേല്‍ അധിനിവേശ ഭാഗത്ത് നിന്ന് ബഫര്‍ സോണിലേക്കും സമീപത്തുള്ള കമാന്‍ഡിംഗ് പൊസിഷനുകളിലേക്കും പ്രവേശിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടതായി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Signature-ad

ശത്രുതാപരമായ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു അറിയിച്ചു.

വിമതര്‍ ഡമാസ്‌കസിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയന്‍ സൈന്യവും തന്ത്രപ്രധാന മേഖലകളില്‍നിന്ന് പിന്‍വാങ്ങിയത്. ഗോലന്‍ കുന്നിലെ ബഫര്‍ സോണില്‍നിന്ന് സിറിയന്‍ സൈനികര്‍ ശനിയാഴ്ച പിന്‍വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ഇസ്രയേല്‍ സൈന്യം ഈ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി. ഇവിടുത്തെ അഞ്ച് സിറിയന്‍ ഗ്രാമങ്ങളിലെ ജനങ്ങളോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഐഡിഎഫ് നിര്‍ദേശം നല്‍കുകയും ചെയ്തു.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് തെക്ക്-പടിഞ്ഞാറ് 60 കിലോമീറ്റര്‍ അകലെയുള്ള പാറ നിറഞ്ഞ പീഠഭൂമിയാണ് ഗോലാന്‍ കുന്നുകള്‍.

1967-ല്‍ ആറ് ദിവസത്തെ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ സിറിയയില്‍ നിന്ന് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളുടെ ഒരു ഭാഗം പിടിച്ചെടുത്തിരുന്നു. 1981 ല്‍ ഏകപക്ഷീയമായി അത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ നീക്കം അമേരിക്ക ഒഴികെയുള്ള അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിരുന്നില്ല.

അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമതര്‍ അറിയിച്ചത്. രണ്ടായിരാമാണ്ടുമുതലുള്ള ബാഷര്‍ അസദിന്റെ ഭരണം അവസാനിച്ചതില്‍ ഡമാസ്‌കസില്‍ ജനം തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. അസദ് കുടുംബം നേതൃത്വംനല്‍കുന്ന ബാത്ത് പാര്‍ട്ടിയാണ് അരനൂറ്റാണ്ടിലധികമായി ഭരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: