താരിണിക്ക് താലി ചാര്‍ത്തി കാളിദാസ് ജയറാം; താരസമ്പന്നം ഗുരുവായൂര്‍
നടനും താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ താരിണി കലിംഗരായരാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചുവന്ന ഗോള്‍ഡന്‍ ബോര്‍ഡറുള്ള മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പഞ്ചകച്ചം മോഡലിലാണ് മുണ്ടുടുത്തിരുന്നത്. പീച്ച് നിറത്തിലെ സാരിയില്‍ അതീവ സുന്ദരിയായാണ് താരിണി എത്തിത്.
കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയില്‍ വച്ച് ഇരുവരുടെയും കുടുംബാംഗങ്ങള്‍ പ്രീവെഡ്ഡിംഗ് വിരുന്ന് നടത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹ നിശ്ചയം നടന്നത്.
ചെന്നൈയിലെ കാലിംഗരായര്‍ ജമീന്ദാര്‍ കുടുംബത്തിലെ അംഗമാണ് അംഗമാണ് കാളിദാസിന്റെ വധു താരിണി. പതിനാറാം വയസു മുതല്‍ മോഡലിംഗ് മേഖലയില്‍ സജീവമായിരുന്നു താരിണി. 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ താരിണി ചൂടിയിട്ടുണ്ട്. 2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും താരിണി പങ്കെടുത്തിരുന്നു.