‘പുഷ്പ-2′-വിന് കേരളത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് നേരെ വലിയ രീതിയിലെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയ്ക്കും മാത്രമല്ല, ഫഹദ് ഫാസിലിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരന്നുണ്ട്. ഈ സാഹചര്യത്തില്‍ ‘പുഷ്പ’യില്‍ അഭിനയിച്ചതിനെ കുറിച്ച് ഫഹദ് ഫാസില്‍ മുമ്പ് പറഞ്ഞൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തില്‍ ഭന്‍വന്‍ സിങ് ഷെഖാവത്ത് എന്ന പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തിയത്.
ഒരു നടനെന്ന നിലയില്‍ പുഷ്പ സിനിമകൊണ്ട് തനിക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഫഹദ് ഫാസില്‍ അഭിമുഖത്തില്‍ പറയുന്നത്. സംവിധായകനായ സുകുമാറിനോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് ചിത്രം ചെയ്തതെന്നുമാണ് നടന്റെ വാക്കുകള്‍. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് പുഷ്പ സിനിമയെ കുറിച്ച് സംസാരിച്ചത്.
‘പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. സംവിധായകന്‍ സുകു സാറിനോടും ഇക്കാര്യം ഞാന്‍ പറയേണ്ടതുണ്ട്. ഇക്കാര്യം എനിക്ക് മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. ഞാന്‍ സത്യസന്ധമായാണ് പറയുന്നത്. ഞാന്‍ ആരോടും അനാദരവ് കാണിക്കുന്നതല്ല. ചെയ്ത സിനിമയെ കുറിച്ചും വര്‍ക്കിനെ കുറിച്ചുമാണ് സംസാരിച്ചത്.’- ഫഹദ് ഫാസില്‍ പറഞ്ഞു.
‘ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകള്‍ പുഷ്പയില്‍ നിന്നും ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സുകു സാറിനോടുള്ള സ്‌നേഹം കൊണ്ടും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താല്പര്യം കൊണ്ടും മാത്രം ചെയ്ത പടമാണിത്. എനിക്ക് ചെയ്യാനുള്ളതെല്ലാം ഇവിടെ ആണെന്ന കാര്യം വ്യക്തമാണ്.’- എന്നായിരുന്നു ഫഹദ് അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.