CrimeNEWS

ജയന്തിയെ കൊലപ്പെടുത്തി ആഭരണം കുഴിച്ചിട്ടു, സഹതടവുകാരന്‍ മോഷ്ടിച്ചു മുങ്ങി; 19 വര്‍ഷം ഒളിവില്‍, ഒടുവില്‍ കുട്ടികൃഷ്ണന് വധശിക്ഷ

ആലപ്പുഴ: മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ (39) കൊലപ്പെടുത്തി 19 വര്‍ഷം ഒളിവില്‍ കഴിഞ്ഞശേഷമാണ് ഭര്‍ത്താവ് കുട്ടികൃഷ്ണനെ (60) പൊലീസ് പിടികൂടിയതും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിച്ചതും. 2004 ഏപ്രില്‍ 2ന് ഒന്നേകാല്‍ വയസ്സുള്ള മകളുടെ കണ്‍മുന്നില്‍ കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ഭാര്യയുടെ തലയറുത്താണ് കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകം. മൃതദേഹത്തോട് അനാദരവു കാണിക്കുകയും ചെയ്തു. കുട്ടിക്കൃഷ്ണനു വധശിക്ഷയാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇന്നലെ വിധിച്ചത്.

നാടകീയ രംഗങ്ങളും ഇതിനിടെ ഉണ്ടായി. കൊലക്കേസില്‍ ജയിലില്‍ കഴിയവേ സഹതടവുകാരനായ മോഷ്ടാവിനോടു ഭാര്യയുടെ ആഭരണങ്ങള്‍ വീടിനു പിന്‍വശത്തു വാഴച്ചുവട്ടില്‍ കുഴിച്ചിട്ടതായി കുട്ടിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ മോഷ്ടാവ് മാന്നാറിലെത്തി ഇതു കുഴിച്ചെടുത്തു സ്ഥലംവിട്ടു. പൊലീസ് അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ അടൂരിലെ ലോഡ്ജില്‍ ജീവനൊടുക്കി. ജയന്തിയുടെ സ്വര്‍ണാഭരണങ്ങള്‍ മകള്‍ക്കു കൈമാറും.

Signature-ad

ഭാര്യയുടെ തലയറുത്തു കൊലപ്പെടുത്തിയെന്നും വേര്‍പെട്ട തല എടുത്തു മൃതദേഹത്തിനു മുകളില്‍ വച്ചെന്നുമാണു പ്രോസിക്യൂഷന്‍ കേസ്. മൃതദേഹത്തോടുള്ള അനാദരവിന് ഒരു വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയില്‍ അരലക്ഷം രൂപ മകള്‍ക്കു ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി കൈമാറണം. പിഴ അടച്ചില്ലെങ്കില്‍ 10 മാസം അധിക കഠിനതടവിനും വിധിച്ചു.

കൊലപാതകത്തിനു പിറ്റേന്ന് ഇയാള്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. 84 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ച കുട്ടിക്കൃഷ്ണന്‍ ഒളിവില്‍ പോയി. പല പേരുകളില്‍ പലയിടങ്ങളില്‍ വേഷം മാറി കഴിഞ്ഞ ഇയാളെ 19 വര്‍ഷത്തിനു ശേഷം 2023 ഒക്ടോബറില്‍ എറണാകുളം തൃക്കാക്കരയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: