സംയുക്ത അണിഞ്ഞ മാലയുടെ പ്രത്യേകത എന്താണെന്നറിയുമോ? രഹസ്യം പങ്കുവച്ച് പ്രിയതാരം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ നായികയായി തിളങ്ങി നിന്നപ്പോഴായിരുന്നു നടന്‍ ബിജു മേനോനുമായുള്ള താരത്തിന്റെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ് താരം. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചിരുന്നു. അഭിനയത്തേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് തന്റെ കുടുംബത്തിനാണെന്ന് സംയുക്ത ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍, അഭിനയത്തില്‍ നിന്ന് മാറി നിന്നെങ്കിലും തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സംയുക്ത.
അടുത്തിടെ ആയി പൊതുവേദികളിലെ സംയുക്തയുടെ ലുക്കുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. താരത്തിന്റെ സ്‌റ്റൈല്‍ തന്നെ ആണ് ആകര്‍ഷണീയമായ ഘടകം. പലപ്പോഴും സംയുക്തയുടെ വസ്ത്രവും ആഭരങ്ങളുമാണ് ആരാധകരുടെ കണ്ണില്‍ ഉടക്കുന്നത്. ആഭരണങ്ങളോടുള്ള താരത്തിന്റെ ഇഷ്ടത്തേക്കുറിച്ച് ആരാധകര്‍ക്കും ഏറെക്കുറേ അറിയാവുന്നതാണ്. വ്യത്യസ്ത ഡിസൈനുകളില്‍ ഉള്ള ആഭരങ്ങളാണ് സംയുക്ത ധരിക്കാറ്. ചിലപ്പോഴൊക്കെ താന്‍ അണിയാറുള്ള ആഭരണങ്ങളേക്കുറിച്ച് സംയുക്ത സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഹെവി ആഭരണങ്ങളോട് പ്രിയം
പൊതുവേ വലിപ്പമുള്ള ആഭരണങ്ങളോടാണ് താരത്തിന് താല്പര്യം കൂടുതല്‍. തന്റെ ബന്ധു കൂടിയായ നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ സംയുക്തയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് താരം ധരിച്ച സ്‌പെഷ്യല്‍ മാലയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ടെമ്പിള്‍ വര്‍ക്കിലുള്ള മാലയും കമ്മലുമാണ് സംയുക്ത ധരിച്ചിരുന്നത്. ഈ ആഭരണങ്ങളുടെ പ്രത്യേകതയേക്കുറിച്ചും സംയുക്ത അന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.
ഈ മലയുടെ പ്രത്യേകത
ഇപ്പോള്‍ സംയുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിനു പിന്നാലെ ആണ് ആരാധകര്‍. സാരിക്കൊപ്പം ഒരു നെക്ലേസ് അണിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. തന്റെ പുതിയ മാലയുടെ പ്രത്യേകത എന്താണെന്നും സംയുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. താരം തന്നെ സ്വന്തമായി ഡിസൈന്‍ ചെയ്ത നെക്ലേസ് ആണിത്.
സംയുക്ത പറയുന്നു
നിങ്ങള്‍ ചെയ്യുന്നതെല്ലാം നിങ്ങളുടെ സ്വന്തം കൈയ്യൊപ്പാണ്- എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ ആയി സംയുക്ത കുറിച്ചിരിക്കുന്നത്. താന്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത മാലയ്ക്ക് സുദര്‍ശന ചക്രമാല എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും താരം കുറിപ്പില്‍ പറയുന്നു. സ്വര്‍ണവും ചുവന്ന കല്ലുകളും പതിപ്പിച്ച മാലയാണിത്. താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിക്കുകയാണ് ആരാധകരിപ്പോള്‍.