ന്യൂഡല്‍ഹി: കൊള്ളപ്പലിശ കേസില്‍ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആംആദ്മിപാര്‍ട്ടി എംഎല്‍എയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എഎപി എംഎല്‍എ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഉത്തം നഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ബല്യാന്‍. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുപ്രസിദ്ധ ഗുണ്ടാസംഘ നേതാവ്, നന്ദു എന്നറിയപ്പെടുന്ന കപില്‍ സാങ്വാനുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് നരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു ബിസിനസുകാരില്‍ നിന്നും പണം തട്ടിയെടുക്കുന്നതിന് സംബന്ധിച്ചുള്ള കാര്യങ്ങളാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിലുള്ളതെന്നാണ് വിവരം. അതേസമയം നരേഷ് ബല്യന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.
അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തള്ളിയ നരേഷ്, തന്നെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നന്ദു എന്നറിയപ്പെടുന്ന കപില്‍ സാങ്‌വാനിനെതിരെ ഇരുപതിലധികം ക്രിമനല്‍ കേസുകളുണ്ട്. ഇയാളെ ദില്ലി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നന്ദു നിലവില്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 5 വര്‍ഷമായി ഇയാള്‍ യുകെയില്‍ നിന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയാണെന്ന് പൊലീസ് പറയുന്നു.