വിമാനങ്ങളെ വെല്ലും വന്ദേഭാരത്; യാത്ര ഇനി മടുപ്പല്ല അടിപൊളി; രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് സൂപ്പറാട്ടോ; ഹൈടെക് ട്രെയിന്‍; മധ്യവര്‍ഗത്തിന് ഇനി ശുഭയാത്ര

ന്യൂഡല്‍ഹി: വിമാനങ്ങളെ വെല്ലും ഇന്ത്യയുടെ പുതിയ വന്ദേഭാരത് സ്ലീപ്പറെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് ഇന്ന് ഓടിത്തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ട്രെയിന്‍ യാത്രകളില്‍ പുതിയൊരു അധ്യായം കുറിക്കുന്നതോടൊപ്പം ഇന്ത്യന്‍ ട്രെയിന്‍ യാത്രകളുടെ ജാതകം തന്നെ മാറ്റിയെഴുതുകയാണ് ഇന്ത്യന്‍ റെയില്‍വേ.
രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിന്‍ ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള 958 കിലോമീറ്റര്‍ ദൂരം 14 മണിക്കൂറിനുള്ളില്‍ സഞ്ചരിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിനുള്ളത്. ഇതുവരെ ഹൗറയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്ര മടുപ്പിക്കുന്നതും യാത്രാക്ഷീണം ഏറെയുണ്ടാക്കുന്ന ദീര്‍ഘദൂര യാത്രയുമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് വന്ദേഭാരതിലുളള ഹൗറ – ഗുവാഹത്തി യാത്ര ഒരനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ തറപ്പിച്ചു പറയുന്നു.

958 കിലോമീറ്റര്‍ ദൂരം വെറും 14 മണിക്കൂറിനുള്ളില്‍ പിന്നിടുന്ന് വന്ദേഭാരത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒന്നാണ്.
അതിവേഗ ട്രാക്കുകളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ട്രെയിന്‍. മെച്ചപ്പെട്ട ടോര്‍ക്ക്, കുറഞ്ഞ സ്റ്റോപ്പുകള്‍ എന്നിവ ഉപയോഗിച്ച്, കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ഇതിന് കഴിയും. സമയം കയ്യില്‍പിടിച്ചോടുന്ന പുതിയ കാലത്ത് യാത്രക്കാര്‍ക്കിത് ഏറെ ഉപയോഗപ്രദമാണ്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ഓടിയെത്തുന്നതും തിരിച്ചുള്ള യാത്രയും സമയമേറെ ലാഭിക്കുന്നുണ്ട്.
ഇത്രയും വേഗത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ പായുമ്പോള്‍ അപകടസാധ്യതയേറെയല്ലേ എന്ന് സംശയിക്കുന്നവരോട് –
ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും നൂതന സുരക്ഷാ സാങ്കേതികവിദ്യയായി കണക്കാക്കപ്പെടുന്ന കവച് സുരക്ഷാ സംവിധാനമാണ് ഈ ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂട്ടിയിടികള്‍ തടയാനും വേഗത നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ യാന്ത്രികമായി ബ്രേക്ക് ഇടാനും ഈ സംവിധാനം സഹായിക്കുന്നു. ഉയര്‍ന്ന വേഗതയില്‍ പോലും കുലുക്കം കുറയ്ക്കുന്ന ഒരു നൂതന സസ്‌പെന്‍ഷന്‍ സംവിധാനവും വന്ദേ ഭാരത് സ്ലീപ്പറില്‍ ഉണ്ട്. ഇതിനര്‍ത്ഥം ഉറക്ക അസ്വസ്ഥത കുറയുകയും സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു എന്നാണ്.

വന്ദേഭാരതില്‍ സൗകര്യങ്ങള്‍ക്കൊപ്പം ടിക്കറ്റ് നിരക്കും കൂടുതലല്ലേ എന്ന സംശയം നിരവധി പേര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ റെയില്‍വേ ഇതിനെ നിരാകരിക്കുന്നു. സൗകര്യങ്ങള്‍ക്കനുസൃതമായ ടിക്കറ്റ് ചാര്‍ജേ ഈടാക്കുന്നുള്ളുവെന്നും അതില്‍ തന്നെ ഓപ്ഷനുകളുണ്ടെന്നും റെയില്‍വേ പറയുന്നു.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ആകെ 16 കോച്ചുകളുണ്ട്. ഇതില്‍ 1,128 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതില്‍ 11 എസി 3-ടയര്‍ കോച്ചുകളും 4 എസി 2-ടയര്‍ കോച്ചുകളും 1 ഫസ്റ്റ് എസി കോച്ചും ഉള്‍പ്പെടുന്നു. വ്യത്യസ്ത ബജറ്റുകളുള്ള യാത്രക്കാര്‍ക്ക് ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ഏതു തരം യാത്രക്കാര്‍ക്കും അവരുടെ പോക്കറ്റിന് അനുയോജ്യമായ ടിക്കറ്റെടുക്കാം.
തേര്‍ഡ് എസി: 2,300 രൂപ, സെക്കന്‍ഡ് എസി: 3,000 രൂപ, ഫസ്റ്റ് എസി: ഏകദേശം 3,600 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടിലെ വിമാനങ്ങളുടെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാനാകുമെന്നാണ് റെയില്‍വേ പറയുന്നത്.
ഗുവാഹത്തി-ഹൗറ റൂട്ടിലെ വിമാന നിരക്കുകള്‍ പലപ്പോഴും അമിതമാണെന്നും അത്തരം സാഹചര്യങ്ങളില്‍, വന്ദേ ഭാരത് സ്ലീപ്പര്‍ താങ്ങാനാവുന്നതിനൊപ്പം സുഖകരമായ ഒരു രാത്രി യാത്രയും പ്രദാനം ചെയ്യുമെന്നും അതുകൊണ്ടാണ് ഇതിനെ മധ്യവര്‍ഗ സൗഹൃദ ട്രെയിന്‍ എന്ന് വിളിക്കുന്നതെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു.
ഗുവാഹത്തി-ഹൗറ വിമാന നിരക്ക് 6,000 രൂപ മുതല്‍ 8,000 രൂപ വരെയാണ്. ചിലപ്പോള്‍ 10,000 രൂപ വരെയാകും. അത്തരമൊരു സാഹചര്യത്തില്‍, 2,300 രൂപയ്ക്ക് എസി സ്ലീപ്പര്‍ യാത്ര ചിലവുകുറഞ്ഞ വ്യത്യസ്ത അനുഭവം തന്നെയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു.
വൃത്തിയും വെടിപ്പമുള്ള ആധുനിക ടോയ്ലറ്റുകള്‍, ഉയര്‍ന്ന നിലവാരമുള്ള പാന്‍ട്രി, സുഖപ്രദമായ സ്ലീപ്പര്‍ ബെഡുകള്‍, മികച്ച ലൈറ്റിംഗ്, വൃത്തിയുള്ള പാന്‍ട്രി, ഡിസൈന്‍, ചാര്‍ജിംഗ് പോയിന്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ സ്ലീപ്പര്‍ വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. യാത്ര നിങ്ങളെ മടുപ്പിക്കുകയോ ക്ഷീണിതരാക്കുകയോ ചെയ്യില്ലെന്നും പതിനാല് മണിക്കൂര്‍ യാത്രക്കൊടുവിലും ഓരോ യാത്രക്കാരും ഫ്രഷായിരിക്കുമെന്നും റെയില്‍വേ പറയുന്നു.






