Breaking NewsLead NewsNEWSWorld

ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു… ഇറാൻ തൂക്കിലേറ്റാനിരുന്നത് എണ്ണൂറിലധികം രാഷ്ട്രീയ തടവുകാരെ… തീരുമാനം മാറ്റിയതോടെ യുഎസ് സൈനിക നടപടി സാധ്യത കുറയുന്നു- നന്ദി പറഞ്ഞ് ട്രംപ്, പ്രതിഷേധങ്ങൾ നിലച്ചു, തെരുവുകൾ ശാന്തം, വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക്…

വാഷിങ്ടൺ: നൂറുകണക്കിന് രാഷ്ട്രീയ തടവുകാരുടെ വധശിക്ഷ നടപ്പാക്കാതിരുന്നതിന് ഇറാൻ സർക്കാരിനോട് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ 800-ലധികം പേരുടെ വധശിക്ഷ റദ്ദാക്കിയതായി ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസിൽ നിന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു പ്രതികരണം.

“അവർ തൂക്കശിക്ഷകൾ റദ്ദാക്കി. ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു,” എന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും 800-ലധികം പേരുടെ വധശിക്ഷ നടക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Signature-ad

അതേസമയം ഇറാനിലുണ്ടായ വ്യാപക പ്രതിഷേധങ്ങൾക്കിടെ കൂട്ട വധശിക്ഷകൾ നടപ്പാക്കിയാൽ യുഎസ് സൈനിക നടപടി സ്വീകരിക്കാമെന്ന ട്രംപിന്റെ മുൻകാല മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഈ പരാമർശങ്ങൾ. എന്നാൽ വധശിക്ഷകൾ നടപ്പാക്കിയില്ലെന്ന അവകാശവാദത്തോടെ ഇറാനെതിരായ യുഎസ് സൈനിക നടപടി സാധ്യത ഇപ്പോൾ മങ്ങുന്നതായി ട്രംപ് സൂചന നൽകി.

അതേസമയം, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മരണസംഖ്യ ഉയരുന്നതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പ്രകാരം, പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,797 ആയി ഉയർന്നിട്ടുണ്ട്.

ഡിസംബർ 28ന് ആരംഭിച്ച പ്രതിഷേധങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നാരംഭിച്ച് ഭരണകൂടത്തിനെതിരായ തുറന്ന വെല്ലുവിളിയായി മാറിയെങ്കിലും, കഴിഞ്ഞ ദിവസങ്ങളായി തെഹ്റാനിലും മറ്റ് പ്രദേശങ്ങളിലും പ്രതിഷേധങ്ങൾ നിലച്ചതായി റിപ്പോർട്ടുകളുണ്ട്. തെരുവ് ജീവിതവും വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്കു മടങ്ങി. എന്നാൽ ഒരാഴ്ചയിലധികമായി ഇന്റർനെറ്റ് നിയന്ത്രണങ്ങൾ രാജ്യത്തു തുടരുകയാണ്.

അതേസമയം ഇറാനിലെ വധശിക്ഷകൾ റദ്ദാക്കിയെന്ന വിവരം ആരിൽ നിന്നാണ് സ്ഥിരീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ പ്രവാസി കിരീടാവകാശിയായ റെസ പഹ്‌ലവി, യുഎസ് ഇടപെടൽ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ട്രംപ് “വാക്ക് പാലിക്കുന്ന വ്യക്തിയാണെന്ന്” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: