പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ 3 വിദ്യാര്‍ഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനില്‍ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോണ്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവര്‍ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാര്‍ പറഞ്ഞു. രക്ഷാകര്‍ത്താക്കളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്ത് കാര്യങ്ങളില്‍ വ്യക്തത വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.
ഇവരെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. അമ്മുവിന്റെ വീട്ടുകാര്‍ അന്വേഷണത്തില്‍ തൃപ്തരാണ്. അമ്മുവിന്റെ ഫോണ്‍ പരിശോധനയ്ക്കായി വിട്ടിട്ടില്ല, കോടതിയിലാണുള്ളത്. അമ്മുവിന്റെ പുസ്തകത്തില്‍ ‘ഐ ക്വിറ്റ്’ എന്നെഴുതിയിരുന്നു. എന്നാല്‍ ഇത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് സഹോദരന്‍ അഖില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കയ്യക്ഷരം അമ്മുവിന്റേതാണോ എന്ന് ഉറപ്പിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ വിടുമെന്നും ഡിവൈഎസ്പി അറിയിച്ചു.
അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ആഴ്ച കൈമാറിയേക്കും. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന.
ഇന്നലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ്, അമ്മുവിന്റെ ചികിത്സാ കാര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വീഴ്ചയുണ്ടായി എന്ന വിമര്‍ശനം ആവര്‍ത്തിച്ചു. ആശുപത്രിയിലെത്തിയ സമയം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും സഹോദരന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്കു റഫര്‍ ചെയ്യാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അന്ന് ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന ആരോ ബോധപൂര്‍വം പറഞ്ഞതാണ് ഇക്കാര്യം. അമ്മുവിന്റെ പുസ്തകത്തില്‍ ‘ഐ ക്വിറ്റ്’ എന്ന് എഴുതിയ കയ്യക്ഷരം സഹോദരിയുടേതല്ലെന്നും അഖില്‍ ഉറപ്പിച്ചു പറയുന്നു.