CrimeNEWS

കൊള്ള തൊട്ട് പിടിച്ചുപറി വരെ യുവാവിന്റെ പേരില്‍ നിരവധി കേസുകള്‍; 19 കാരിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാപ്പ നിയമപ്രകാരം നടപടി നേരിടുന്ന യുവാവിനൊപ്പം പോയ 19 കാരിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മോഷണം, കൊള്ള, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ്. യുവാവിനെതിരെ ഇത്രയേറെ കേസുകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പാം പോകാന്‍ സന്നദ്ധതയും കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യുവാവിന്റെ കൈവശമുള്ള പെണ്‍കുട്ടിയുടെ വിദ്യാഭ്യാസരേഖകള്‍ മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ വഴി കൈമാറാനും കോടതി നിര്‍ദേശിച്ചു. കാപ്പ നിയമപ്രകാരമുള്ള നടപടി നേരിടുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.

Signature-ad

പെണ്‍കുട്ടിയെ യുവാവ് തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിച്ചെന്നും യുവാവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്നുമാണ് പെണ്‍കുട്ടി ആദ്യം അറിയിച്ചത്. എന്നാല്‍, യുവാവിനെതിരെ പെണ്‍കുട്ടി തന്നെ നല്‍കിയ പോക്സോ കേസുണ്ടെന്നും ഇതില്‍ നിന്നും രക്ഷപ്പെടാനാണ് വിവാഹനാടകമെന്നും മാതാപിതാക്കള്‍ അറിയിച്ചു. പോക്സോ കേസില്‍ യുവാവ് 35 ദിവസത്തോളം ജയിലില്‍ ആയിരുന്നുവെന്നതും ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. നാലു കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ അറിയിച്ചു. ജാമ്യ ഉത്തരവിലെ വ്യവസ്ഥകളും കാപ്പ നിയമത്തിലെ വ്യവസ്ഥകളും മറികടന്നാണ് യുവാവ് പെണ്‍കുട്ടിയെ തടവിലാക്കിയതെന്നും ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് പെണ്‍കുട്ടി കോടതിയെ നിലപാട് അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: