കൊച്ചി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ സഹായിയായി കൂടി മോഷണം നടത്തിയ ആള്‍ കൊടുംക്രിമിനല്‍. മഅദനിയുടെ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 7 പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ (23) ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് െചയ്തിരുന്നു. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണു കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു റംഷാദ്.
വൃക്കരോഗം കൂടിയതിനാല്‍ മഅദനി ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഞായറാഴ്ചയാണു വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മഅദനിയുടെ മകന്‍ സലാഹുദീന്‍ അയ്യൂബി എളമക്കര പൊലീസില്‍ പരാതി നല്‍കി. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സ് റംഷാദിനെ കസ്റ്റഡിയിലെടുത്ത്.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്‌തെന്നു സമ്മതിച്ചു. പരിശോധനയില്‍, മലദ്വാരത്തില്‍ ഒളിപ്പിച്ച 2 പവന്റെ കൈച്ചെയിന്‍ കണ്ടെടുത്തു. ബാക്കി സ്വര്‍ണം വില്‍ക്കുന്നതിനു സുഹൃത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയത്. മോഷണം ഉള്‍പ്പെടെ തിരുവനന്തപുരത്ത് ഇയാള്‍ക്കെതിരെ 35 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.