തിരുവനന്തപുരം: അച്ചടക്കനടപടിക്കുമുന്‍പേ അപ്രതീക്ഷിത തിരിച്ചടിനല്‍കി സന്ദീപ് വാരിയര്‍ ബി.ജെ.പി. വിട്ടതില്‍ നേതൃത്വത്തിനെതിരേ അമര്‍ഷം. തിരുത്തേണ്ടത് തിരുത്തി കൂടെനിര്‍ത്തണമായിരുന്നെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ലക്ഷ്യമിട്ട് സാമൂഹികമാധ്യമത്തില്‍ വിമര്‍ശനം വന്നുതുടങ്ങി. നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന തരത്തിലാണ് കുറ്റപ്പെടുത്തലുകള്‍.
‘ഓരോ വ്യക്തിയും പ്രസ്ഥാനത്തിന് പ്രാധാന്യമുള്ളതാകണം, തിരുത്തേണ്ടത് തിരുത്തി കൂടെനിര്‍ത്തണം, തിക്കി താഴെയിട്ടിട്ട് പിന്നെ മ്ലേച്ഛനായിരുന്നു എന്നു പറയരുത്’ എന്നിങ്ങനെ സുരേന്ദ്രനെ ചൂണ്ടിയുള്ള കുത്തുവാക്കുകള്‍ സാമൂഹികമാധ്യമങ്ങളിലുണ്ട്.
സുരേന്ദ്രനുമായി തുടക്കംതൊട്ടേ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല സന്ദീപ്. എന്നാല്‍, ആര്‍.എസ്.എസുമായി നല്ലബന്ധത്തിലും. ഈ ബന്ധം പ്രയോജനപ്പെടുത്താനാണ് സന്ദീപിനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്. നേതാക്കള്‍ ഇറങ്ങിയതും. എന്നിട്ടും നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ഥിക്കുമെതിരേ വിമര്‍ശനംതുടര്‍ന്ന സന്ദീപിനെ ആര്‍.എസ്.എസും കൈവിട്ടതോടെ അച്ചടക്കനപടിയിലേക്കു നീങ്ങുകയായിരുന്നു പാര്‍ട്ടി. അച്ചടക്കനടപടി പുറത്താക്കല്‍തന്നെയായിരുന്നു. ഇത് മുന്‍കൂട്ടിയറിഞ്ഞാണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സന്ദീപ് തയ്യാറായതും.
സന്ദീപിന്റെ വെല്ലുവിളികളെ അത്രഗൗരവത്തിലെടുക്കേണ്ട, ഉപതിരഞ്ഞെടുപ്പുവരെ കാത്തിരിക്കാം എന്നതായിരുന്നു തുടക്കത്തില്‍ത്തന്നെ നേതൃത്വത്തിന്റെ നിലപാട്. പാളിപ്പോയ ആ നിലപാട് ബി.ജെ.പിക്കു ക്ഷീണമായെന്ന വിലയിരുത്തലാണ് പൊതുവേയുള്ളതും.
സന്ദീപ് പാര്‍ട്ടിവിടുന്നത് ഒഴിവാക്കാന്‍ നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നാണ് ബി.ജെ.പി.യിലെ പ്രബലവിഭാഗം പറയുന്നത്. നേതാക്കള്‍ പരസ്യപ്രസ്താവനയ്ക്ക് തയ്യാറാകുന്നില്ലെന്നുമാത്രം. ദിവസവും മാധ്യമങ്ങള്‍ക്കുമുന്‍പിലെത്തി വിശദീകരിക്കാനും സന്ദീപിനെയും കോണ്‍ഗ്രസിനെയും പ്രതിരോധിക്കാനും സുരേന്ദ്രന്‍ ശ്രമിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് സന്ദീപ് പറഞ്ഞത് നേതൃത്വത്തെ സംശയമുനയിലാക്കുന്നതാണ്. അതിനാല്‍ തിരഞ്ഞെടുപ്പിനുശേഷം സന്ദീപിന്റെ നീക്കം എന്തൊക്കെയാകുമെന്നതില്‍ ബി.ജെ.പിക്ക് ആശങ്കയുമുണ്ട്.
മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും സുരേന്ദ്രനും നേതൃത്വം നല്‍കുന്ന വിഭാഗം, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്നവര്‍ എന്നീ രണ്ടുവിഭാഗമുണ്ട് ബി.ജെ.പിയില്‍. പാര്‍ട്ടിയില്‍ തഴയപ്പെട്ടെന്ന പരിഭവവുമായി ഒറ്റയ്ക്കുപോരാടുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ അണികളുടെ കൂട്ടവും പ്രബലമാണ്. എങ്കിലും ബി.ജെ.പിയില്‍ മുന്‍പുണ്ടായിരുന്ന ഗ്രൂപ്പുപോര് ഇപ്പോഴത്ര പ്രകടവുമല്ല. കേന്ദ്രനേതൃത്വത്തെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്.