ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റില്ല, കരട് കുറ്റപത്രം ഈ മാസം; കൊടിമര നിര്‍മാണത്തിന് സെലിബ്രിറ്റികള്‍ നല്കിയ സ്വര്‍ണത്തിനു കണക്കില്ല; സുരേഷ് ഗോപിയുടെ പേരുമാത്രം പട്ടികയില്‍; കോണ്‍ഗ്രസ് ഭരണസമിതിയും മറുപടിക്കു വിയര്‍ക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് കൂടി നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന് കല്‍പേഷ് എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനുട്സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നടന് ജയറാമിനും ഇഡി നോട്ടീസ് അയച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം.
കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസു ഇന്ന് പുറത്തിറങ്ങും. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യനീക്കം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണം ഉരുക്കിമാറ്റിയതുതന്നെയെന്ന് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍. പ്രതികളുടെ മൊഴിയും സ്മാര്‍ട്ട് ക്രിയേഷന്‍സിലെ രേഖകളും തെളിവായി ഹാജരാക്കും. കൂടുതല്‍ പേരെ ഇനി കേസില്‍ പ്രതിചേര്‍ക്കാനുള്ള നീക്കം ഉണ്ടായേക്കില്ല. കുറ്റപത്രം ഈ മാസം അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ നല്‍കാനാണ് എസ്ഐടി നീക്കം.
അതേസമയം, കൊടിമര പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കിയവരുടെ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചു തുടങ്ങി. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള 27 പേരുടെ വിവരങ്ങളാണ് വിജിലന്‍സ് തേടിയത്. രേഖകള്‍ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലന്‍സ് കത്ത് നല്കി. എല്ലാവരെയും നേരില്‍ക്കണ്ട് മൊഴിയെടുക്കാനാണ് വിജിലന്‍സിന്റെ നീക്കം. അഭിഭാഷക കമ്മീഷനായിരുന്ന എഎസ്പി കുറുപ്പ്, തിരുവാഭരണം കമ്മീഷണര്‍, ശില്പി വെങ്കിടേഷ് എന്നിവരെയും വിജിലന്‍സ് വിളിച്ചുവരുത്തും. അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് ഉന്നതതല നിര്‍ദേശമുണ്ട്.
ശബരിമലയിലെ കൊടിമരത്തിന് സ്വര്‍ണം സംഭാവന നല്കിയവരില് സിനിമാ മേഖലയില്‍ നിന്നുളളവരുടെ നീണ്ട നീരയാണുളളത്. സംഭാവന നല്കിയവര് സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നടന്മാരായ സുരേഷ് ഗോപി, മകന് ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. എന്നാല്‍ അഭിഭാഷക കമ്മീഷണര്‍ എഎസ്പി കുറുപ്പ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്.
2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നത്. നിര്‍മ്മാണത്തിനാവശ്യമായ സ്വര്‍ണം സ്വീകരിക്കുന്നതില്‍ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്. എക്സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരില്‍ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വര്‍ണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. സ്വര്‍ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നല്‍കുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വര്‍ണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വര്‍ണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.






