KeralaNEWS

വയനാട് യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താലിന് തുടക്കം; വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധക്കാര്‍

വയനാട്: ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വയനാട്ടില്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താലിന് തുടക്കം. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിര്‍ത്തികളില്‍ കുടുങ്ങിയത്. പൊലീസെത്തി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

വയനാട് ദുരന്തബാധിതര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് ഫണ്ട് നല്‍കാത്ത കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരന്നു. ഹര്‍ത്താലിന്റെ ഭാഗമായി ഇന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Signature-ad

ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജില്ലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കും.

അതേസമയം, പുലര്‍ച്ചെയുള്ള കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തി. തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് യുഡിഎഫ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: