Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; മറ്റു സാഹിത്യോത്സവങ്ങള്‍ നടക്കുന്നതുപോലെ പണം സ്വയം കണ്ടെത്താന്‍ പറഞ്ഞു; സച്ചിദാനന്ദന്റെ വാക്കുകളിലൂടെ പുറത്തു വന്നത് വര്‍ഷങ്ങളായി പുകയുന്ന അതൃപ്തി; ‘സുഖഭരണം’ മുടങ്ങിയതില്‍ അമര്‍ഷം

സാഹിത്യ അക്കാദമികളുടെ ഭരണത്തിലിരിക്കുന്നവര്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ആനുകൂല്യം നേടുകയും സുഖകരമായി മുന്നോട്ടു പോകുകയുമായിരുന്നു ഇതുവരെ ചെയ്തത്. എല്ലാ പരിപാടികള്‍ക്കും ചോദിക്കുന്ന പണം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ വന്‍ ധൂര്‍ത്തും നടമാടി.

തൃശൂര്‍: സാംസ്‌കാരിക രംഗത്തേക്കുള്ള ഫണ്ടില്‍ വെട്ടിക്കുറവു വരുത്തിയതാണ് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ അടക്കമുള്ളവരുടെ അതൃപ്തിക്കു കാരണമെന്നു സൂചന. സച്ചിദാനന്ദന്‍ പ്രസിഡന്റായതിനുശേഷം ആരംഭിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അടക്കം ചെലവു ചുരുക്കിയാണ് നടത്തിയത്. സ്വതന്ത്ര അക്കാദമികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പണം കണ്ടെത്തി പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നെന്നാണു വിവരം.

സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി അടക്കമുള്ളവയ്ക്കും സ്വന്തം നിലയ്ക്കു പണം കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ സംഗീത നാടക അക്കാദമി നടത്തിയ നാടകോത്സവവും അവസാന നിമിഷംവരെ സര്‍ക്കാര്‍ ഫണ്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, തരക്കേടില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് അടക്കം കണ്ടെത്തി നടത്താന്‍ നാടക അക്കാദമിക്കു കഴിഞ്ഞു.

Signature-ad

ഇതിന്റെ നാലിലൊന്നു ചെലവുപോലും വരാത്ത സാഹിത്യ അക്കാദമി പരിപാടികള്‍ നടത്താന്‍ സ്വന്തം നിലയ്ക്കു കഴിയണമെന്ന നിലപാടാണ് അക്കാദമിയുടെ തലപ്പത്തിരിക്കുന്ന സച്ചിദാനന്ദനെ ചൊടിപ്പിച്ചതെന്നാണു അനൗദ്യോഗിക വിവരം.

സാഹിത്യ അക്കാദമികളുടെ ഭരണത്തിലിരിക്കുന്നവര്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ആനുകൂല്യം നേടുകയും സുഖകരമായി മുന്നോട്ടു പോകുകയുമായിരുന്നു ഇതുവരെ ചെയ്തത്. എല്ലാ പരിപാടികള്‍ക്കും ചോദിക്കുന്ന പണം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ വന്‍ ധൂര്‍ത്തും നടമാടി. വിദേശത്തുനിന്ന് എഴുത്തുകാരെ എത്തിക്കുന്നതും ഇവരുടെ താമസ, ഭക്ഷണ സൗകര്യങ്ങള്‍, യാത്രാച്ചെലവ് എന്നീയിനത്തില്‍ വന്‍ തുകയാണ് ചെലവാക്കിയിരുന്നത്. ഇതിനു കഴിഞ്ഞ ഏതാനും വര്‍ഷമായി സര്‍ക്കാര്‍ കടിഞ്ഞാണിട്ടു.

ഒപ്പം, സ്വന്തം നിലയ്ക്കു പണം കണ്ടെത്താനും ആവശ്യപ്പെട്ടു. ഇന്നു കേരളത്തില്‍ ഡിസി ബുക്‌സ്, കെഎല്‍എഫ് എന്നിവയടക്കം സംഘടിപ്പിക്കുന്നത് പ്രമുഖ കമ്പനികളില്‍നിന്നുള്ള സിഎസ്ആര്‍ ഫണ്ടും സ്‌പോണ്‍സര്‍ഷിപ്പുമൊക്കെയായിട്ടാണ്. അക്കാദമികളുടെ തലപ്പത്തുള്ളവര്‍ക്ക് ഇതിന് എളുപ്പം കഴിയുമെന്ന സാഹചര്യവുമുണ്ട്. സാഹിത്യ ആസ്വാദകരായ നിരവധി മലയാളികളായ സംരംഭകര്‍ ഇതിനു തയാറുമാണ്.

എന്നാല്‍, എല്ലാ ചെലവും സര്‍ക്കാരില്‍നിന്നുതന്നെ ലഭിക്കണമെന്ന പിടിവാശിയാണ് അക്കാദമി തലപ്പത്തുള്ളവര്‍ക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാരും അക്കാദമി പ്രസിഡന്റ്- സെക്രട്ടറിമാരും തമ്മില്‍ ശീതയുദ്ധവും തുടരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സാംസ്‌കാരിക രംഗത്ത് ശക്തമായ ശബ്ദമായി നില്‍ക്കുന്ന സച്ചിദാനന്ദന്‍ രംഗത്തു വന്നതെന്നാണു കരുതുന്നത്.

ഇതുവരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സച്ചിദാനന്ദന്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടില്ല. ആശാ സമരം ഉണ്ടായിരുന്ന സമയത്ത് അവര്‍ക്കനുകൂലമായി നില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗങ്ങളെ വിമര്‍ശിക്കുന്ന സച്ചിദാനന്ദന്‍, ജമാ-അത്തെ ഇസ്ലാമിയടക്കമുള്ള വര്‍ഗീയ സംഘടനകളുമായുള്ള ബന്ധവും മനപ്പൂര്‍വം മറച്ചുപിടിക്കുന്നു. ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടുമില്ല. ആര്‍എസഎസ് പോലെതന്നെ അപകടരമായ സംഘടനയെ കൂടെനിര്‍ത്തുന്ന യുഡിഎഫിനെയാണ് സച്ചിദാനനന്ദന്‍ പകരം സംവിധാനമായി കാണുന്നതെന്ന് ഇടതു ക്യാമ്പുകളും വിമര്‍ശിക്കുന്നു.

അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്ന സച്ചിദാനന്ദന്‍, യുഡിഎഫ് അടിസ്ഥാന വിഭാഗങ്ങള്‍ക്കു വാഗ്ദാനം ചെയ്ത ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വയനാട് ദുരിതബാധിതര്‍ക്കാര്‍ പണം പിരിച്ചിട്ട് ഒരു വീടുപോലും ഇതുവരെ നിര്‍മിച്ചിട്ടില്ല. അതുപോലെ അധികാരത്തിനുവേണ്ടി കോണ്‍ഗ്രസില്‍ നടക്കുന്ന വടംവലി ബിജെപി പോലുള്ള സംഘടനകള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാത്ത ആളല്ല സച്ചിദാനന്ദനെന്നും ഇടതുപക്ഷം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: