രാവണന്റെ ലങ്കയിലെ രാമായണത്തിന്റെ ശേഷിപ്പുകള്‍; വൈറലായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പരസ്യം

രാവണനെക്കുറിച്ചോര്‍ക്കുമ്പോള്‍ ലങ്കയാണ് മനസിലെത്തുക. രാമായണത്തില്‍ പരാമര്‍ശിക്കുന്ന ശ്രീലങ്കയിലെ മിക്ക സ്ഥലങ്ങളും ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഈ സ്ഥലങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
കൊച്ചുമകന് രാമായണ കഥ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിയിലൂടെ പുരോഗമിക്കുന്ന പരസ്യം രാമായണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലുള്ള എല്ലാ സ്ഥലങ്ങളിലൂടെയും ഒരു ചെറിയ സഞ്ചാരമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. രാവണന്‍ സീതാദേവിയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചിരുന്ന അശോകവനം, ഹനുമാന്‍ സീതാദേവിയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥലം, വിഭീഷണനെ രാമന്‍ ലങ്കാധിപതിയായി അഭിഷേകം നടത്തിയ സ്ഥലം ഇങ്ങനെ പോകുന്നു വീഡിയോയിലെ സ്ഥലങ്ങള്‍.
ശ്രീലങ്കയില്‍ രാമായണ കഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ സ്ഥലങ്ങളിലൂടെയും വീഡിയോ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നു. പച്ചപ്പും ഹരിതാഭയും കടലും മലയും ക്ഷേത്രങ്ങളുമൊക്കെയായി ശ്രീലങ്കയുടെ പ്രകൃതിഭംഗി മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് വീഡിയോയില്‍. ഒടുവില്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തെക്കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ മനസിലാക്കി എന്നാണ് വീഡിയോയുടെ കമന്റ്ബോക്സിലുള്ള മിക്കവരുടെയും അഭിപ്രായം.






