ചെന്നൈ: ക്യുആര്‍ കോഡില്‍ കൃത്രിമം കാണിച്ച് 2 വര്‍ഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയില്‍. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിച്ച് 52.24 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ തിരുവാരൂര്‍ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാന്‍ഡ് ചെയ്തു. പല ബില്ലുകളും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അണ്ണാനഗറില്‍ ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റല്‍ നടത്തുന്ന ഡോ.ബി.മൈഥിലി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മുതല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചില രോഗികളുടെ വിവരങ്ങള്‍ റജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ലെന്നു കണ്ടെത്തി. 2022 ഫെബ്രുവരി മുതല്‍ സൗമ്യ പണം തട്ടുന്നതായും തെളിഞ്ഞു.