KeralaNEWS

പൊലീസ് സ്റ്റേഷനുകളില്‍നിന്ന് സര്‍ക്കാരിന് കോടികള്‍ വരുമാനമുണ്ടാക്കാം, ചെയ്യേണ്ടത് ഇതെല്ലാം

കോഴിക്കോട്: തുരുമ്പെടുത്തും ഇഴജന്തുക്കള്‍ താവളമാക്കിയും പൊലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ നശിക്കുന്നത് കോടികളുടെ കസ്റ്റഡി വാഹനങ്ങള്‍. വിവിധ കേസുകളിലും അപകടങ്ങളിലും പൊലീസും എക്സൈസും പിടിച്ചെടുക്കുന്ന തൊണ്ടിമുതലാണ് തുരുമ്പെടുത്ത് തീരുന്നത്. നഗരത്തിലെ സ്റ്റേഷനുകളില്‍ മാത്രം ഇത്തരത്തില്‍ 1000 ത്തോളം വാഹനങ്ങളുണ്ട്. ഓരോ സ്റ്റേഷനുകളിലും 200ലധികം വാഹനങ്ങള്‍ വരും. പ്രതികള്‍ ഉപേക്ഷിച്ചതുള്‍പ്പെടെ ഏറെയും ഇരുചക്രവാഹനങ്ങളാണ്. വര്‍ഷങ്ങളായി സ്റ്റേഷന്‍ വളപ്പിലും പരിസരത്തുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ ഇഴജന്തുകളുടെയും തെരുവുനായ്ക്കളുടെയും താവളമാണ്.

റോഡരികിലെ വാഹനങ്ങള്‍ സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. റോഡിരികില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാക്കുന്നതായും ആരോപണമുണ്ട്. ഇത്തരം വാഹനങ്ങളുടെ ടയറുകള്‍, ബാറ്ററി, മ്യൂസിക് സിസ്റ്റം തുടങ്ങിയവ കളവുപോകുന്നത് നിത്യ സംഭവമാണ്. കൂട്ടിയിടുന്ന വാഹനങ്ങള്‍ തീപിടിത്തത്തിനും കാരണമാകുന്നു. വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ സ്പെഷ്യല്‍ ടീമും, വേര്‍തിരിച്ചുള്ള ഡാറ്റയും ഇല്ലാത്തതാണ് പൊലീസിന് തലവേദനയും പേരുദോഷവും ഉണ്ടാക്കുന്നത്.

Signature-ad

സര്‍ക്കാര്‍ നിര്‍ദ്ദേശം കടലാസില്‍

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയില്‍ സൂക്ഷിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. പിടിച്ചെടുത്ത വാഹനത്തിന്റെ ഫോട്ടോയെടുത്ത് രണ്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കി കോടതിയില്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശം. കോടതി ആവശ്യപ്പെട്ടില്ലെങ്കില്‍ വാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട. വിട്ടുകൊടുക്കാനാണ് നിര്‍ദ്ദേശമെങ്കില്‍ രണ്ടുമാസത്തിനകവും ലേലത്തില്‍ വില്‍ക്കാനാണെങ്കില്‍ ആറുമാസത്തിനകവും നടപടി പൂര്‍ത്തിയാക്കണം.

നശിക്കുന്നത്

ഓട്ടോറിക്ഷ, കാര്‍, ലോറി, ടിപ്പര്‍, ടെമ്പോ ട്രാവലര്‍, ബസ്, ജീപ്പ്, ഇരുചക്രവാഹനങ്ങള്‍ കേസുകള്‍.

1.കൈകാണിച്ച് നിര്‍ത്താത്ത വാഹനങ്ങള്‍

2.ഡ്രൈവര്‍ മദ്യപിച്ച് ഓടിച്ചവ

3.കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവ

4.മണല്‍കടത്തിയ വാഹനങ്ങള്‍

ലേലം ചെയ്യാന്‍ 487 വാഹനങ്ങള്‍

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിള്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത് 487 വാഹനങ്ങള്‍. 30 വരെ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അണ്‍ക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ഇലേലം ചെയ്യും. അവകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് രേഖകള്‍ സഹിതം അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരായി വാഹനം ഏറ്റെടുക്കാം. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റായ www.mstccommerce.com മുഖേനയാണ് കോഴിക്കോട് സിറ്റി പൊലീസ് ഇലേലം നടത്തുക. വാഹനങ്ങളില്‍ ഏതാനും കാറുകളും ഓട്ടോറിക്ഷയും ഒഴികെ എല്ലാം ഇരുചക്ര വാഹനങ്ങളാണ്. ഫോണ്‍: 0495-2722673.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: