IndiaNEWS

ജഡ്ജിയെ വളഞ്ഞ് അഭിഭാഷകര്‍, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങള്‍

ലഖ്‌നൗ: കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകര്‍ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍ പോലീസ് ലാത്തിവീശിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ തര്‍ക്കം ഉടലെടുത്തതെന്നാണ് പ്രാഥമികവിവരം. ഇതോടെ കൂടുതല്‍ അഭിഭാഷകര്‍ കോടതിമുറിക്കുള്ളിലെത്തി ജഡ്ജിയുടെ ചേംബര്‍ വളഞ്ഞു. തുടര്‍ന്ന് ജഡ്ജി വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും അഭിഭാഷകരെ പിരിച്ചുവിടാന്‍ ലാത്തിവീശുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

Signature-ad

കോടതിമുറിക്കുള്ളില്‍ അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളടക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലാത്തിവീശിയും കോടതിമുറിയിലെ കസേരകള്‍ കൊണ്ടും പോലീസ് അഭിഭാഷകരെ നേരിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതിക്ക് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു. കോടതിവളപ്പിലെ പോലീസ് ഔട്ട്പോസ്റ്റും അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ അഭിഭാഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഘര്‍ഷത്തെത്തുടര്‍ന്ന് കോടതിയിലെ ജഡ്ജിമാരെല്ലാം ചൊവ്വാഴ്ച ജോലിയില്‍നിന്ന് വിട്ടുനിന്നു. സംഭവം ചര്‍ച്ചചെയ്യാന്‍ ബാര്‍ അസോസിയേഷനും യോഗം വിളിച്ചിട്ടുണ്ട്.

Back to top button
error: