KeralaNEWS

”ദിവ്യയുടെ പ്രസംഗം ആസൂത്രിതം; ജാമ്യം നല്‍കിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കും”

കണ്ണൂര്‍: ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് വ്യക്തമാക്കിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളിയത്. 38 പേജുള്ള വിധിയാണ് കോടതിയുടേത്. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യം നല്‍കിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കി. ദിവ്യയുടെ പ്രസംഗത്തോടെ പ്രവര്‍ത്തകരുടെ മുന്നില്‍ എഡിഎം നവീന്‍ ബാബു അപമാനിതനായെന്നും കോടതി നിരീക്ഷിച്ചു.

യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യ വിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.

Signature-ad

സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ വിമര്‍ശനം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.

Back to top button
error: