CrimeNEWS

പുല്ലു ചെത്തിനെന്ന പേരില്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി; ബംഗാളിയുടെ ഉടുതുണിയടക്കം അടിച്ചുമാറ്റിയ മലയാളി പിടിയില്‍

ആലപ്പുഴ: പുല്ലുചെത്താനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ പശ്ചിമബംഗാള്‍ സ്വദേശിയുടെ ഉടുതുണിയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5,000 രൂപയും അപഹരിച്ചുകടന്നയാള്‍ പിടിയില്‍. അമ്പലപ്പുഴ പുറക്കാട് വൈപ്പിന്‍പാടത്തില്‍ കൈതവളപ്പില്‍ അന്‍വര്‍ (35) ആണ് വീയപുരം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മണിക്കൂറുകള്‍ക്കകം വീടിനടുത്തുനിന്ന് ഇയാളെ പിടിച്ച പോലീസ് പശ്ചിമബംഗാള്‍ സ്വദേശിയുടെ പാന്റും ഷര്‍ട്ടും മൊബൈല്‍ ഫോണും പണവും വീണ്ടെടുത്തു. ഡാണാപ്പടിയില്‍ വാടകയ്ക്കു താമസിച്ച് പലവിധ ജോലികള്‍ ചെയ്തുവരുന്ന പശ്ചിമബംഗാളിലെ മാള്‍ഡാ സ്വദേശി അബു കലാമാണ് (27) തട്ടിപ്പിനിരയായത്.

വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ അബു കലാം ഹരിപ്പാട് കച്ചേരി ജങ്ഷനിലെ എ.ടി.എമ്മില്‍നിന്ന് 5,000 രൂപയെടുത്ത് പുറത്തിറങ്ങി. ഈ സമയം സ്‌കൂട്ടറില്‍ പുറത്തുനിന്നിരുന്ന അന്‍വര്‍ തന്റെ പാടത്ത് പുല്ലുചെത്താന്‍ രണ്ടുമണിക്കൂറിന്റെ ജോലിയുണ്ടെന്നും ഒപ്പംവരാനും പറഞ്ഞു. ഇതു വിശ്വസിച്ച അബു കലാം സ്‌കൂട്ടറില്‍ കയറി. വീയപുരം മങ്കോട്ടച്ചിറ ഭാഗത്തെത്തിയപ്പോള്‍ വണ്ടിനിര്‍ത്തി. സമീപത്തെ പാടത്തെ പുല്ലുചെത്താന്‍ പറഞ്ഞു.

Signature-ad

അബു കലാം ധരിച്ചിരുന്ന നല്ലവസ്ത്രങ്ങള്‍ മാറ്റി ധരിക്കാന്‍ പഴകിയ വസ്ത്രങ്ങള്‍ നല്‍കിയിട്ട് കൈവശമുള്ള സാധനങ്ങള്‍ സ്‌കൂട്ടറില്‍ സൂക്ഷിക്കാനും ആവശ്യപ്പെട്ടു. അബു കലാം ജോലി തുടങ്ങിയപ്പോഴേക്കും അന്‍വര്‍ സ്ഥലംവിട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ആകെ തകര്‍ന്നുപോയ അബു നാട്ടുകാരോട് വിവരം പറഞ്ഞു. അവരാണ് പോലീസില്‍ അറിയിച്ചത്.

പോലീസെത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരുവരും സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. സ്‌കൂട്ടറിന്റെ ആര്‍.സി. ഉടമ അമ്പലപ്പുഴ സ്വദേശിനിയായ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിന്റെ സുഹൃത്തായ അന്‍വറാണ് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതെന്ന് മനസ്സിലായത്. മോഷണത്തിനുശേഷം വീട്ടിലെത്തിയിട്ട് പുറത്തേക്കിറങ്ങുന്നതിനിടെ പ്രതിയെ പിടികൂടുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: