‘ഇത്രയും ആഡംബരം വേണോയെന്ന് ചോദിച്ചവരോട്… അവളുടെ കല്യാണത്തിന് ഞാനില്ലെങ്കിലോയെന്ന് വാപ്പിച്ചി പറഞ്ഞുവത്രെ’
പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ കെ.നൗഷാദിന്റെ മുഖം മലയാളികള്‍ക്ക് സുപരിചിതമാണ്. ഷെഫ് നൗഷാദിന്റെ മാസ്റ്റര്‍ ഷെഫ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിന് ഒരു കാലത്ത് നിരവധി പ്രേക്ഷകരുണ്ടായിരുന്നു. കാഴ്ച അടക്കം മലയാളത്തിലെ ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവുമായിരുന്നു നൗഷാദ്. ഹോട്ടല്‍ വ്യവസായത്തിലും കാറ്ററിങ് സര്‍വീസിലും സ്വന്തമായൊരിടം കണ്ടെത്തിയ നൗഷാദ് മൂന്ന് വര്‍ഷം മുമ്പാണ് അന്തരിച്ചത്. ഉദര സംബന്ധമായ രോഗത്തിന് നൗഷാദ് ചികിത്സ തേടിയിരുന്നു.
ഭാരം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ ചികിത്സയില്‍ കഴിയുകയായിരുന്നു. നൗഷാദ് ചികിത്സയിലായിരുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഭാര്യ ഷീബ മരിച്ചത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ തളര്‍ന്നുപോയ നൗഷാദും പിന്നീട് മരണത്തിന് കീഴടങ്ങി.
നശ്വ നൗഷാദ് എന്നൊരു മകളെ നൗഷാദിന് ഉണ്ടായിരുന്നുള്ളു. നൗഷാദിന്റെ മരണശേഷം ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു നശ്വ നൗഷാദ് വളര്‍ന്നത്. എന്നാല്‍ പിന്നീട് തന്റെ കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസ ചെലവിന് പോലും പണം നല്‍കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നശ്വ ആരോപിച്ചത് വൈറലായിരുന്നു. കോടതിയില്‍ നിന്ന് എന്റെ ഗാര്‍ഡിയന്‍ഷിപ്പ് എടുത്ത് മാതാപിതാക്കളുടെ സ്വത്തുക്കളും കാറ്ററിങ് ബിസിനസും ബന്ധുക്കള്‍ കൈയടക്കിവെച്ചിരിക്കുകയാണ്.
ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ എന്റെ ചെറിയ ആവശ്യങ്ങള്‍ക്കുപോലും ഞാന്‍ എന്താണ് ചെയ്യേണ്ടേത്?. എന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് പറഞ്ഞ് സ്‌കൂളുകള്‍ കയറി ഇറങ്ങുന്നു. എന്നെ ഇങ്ങനെ വളര്‍ത്താനല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്.
എന്റെ അനുവാദം പോലും ഇല്ലാതെ എന്നെ പരസ്യം ചെയ്തുപോലും അവര്‍ കച്ചവടം നടത്തുന്നു. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ എനിക്ക് വലിയ നഷ്ടങ്ങളാണുണ്ടാകുക. എന്റെ ബാപ്പയുടെ എല്ലാമായ കാറ്ററിങ് തനിക്ക് സംരക്ഷിക്കണമെന്നും താനും ആ വഴി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അന്ന് നശ്വ ഫേസ്ബുക്കില്‍ കുറിച്ചത്. ഉമ്മയുടേയും വാപ്പയുടേയും മരണം നശ്വയേയും വലിയ രീതിയില്‍ ബാധിച്ചിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് നൗഷാദിന് നശ്വ പിറന്നത്. എല്ലാമെല്ലാമായ വാപ്പയുടെയും ഉമ്മയുടെയും ഓര്‍മകളാണ് ഇപ്പോള്‍ മുന്നോട്ട് ജീവിക്കാന്‍ നശ്വക്ക് ഊര്‍ജം. ഇപ്പോഴിതാ മാതാപിതാക്കളെ കുറിച്ചുള്ള ഓര്‍മകളും തന്റെ ആഗ്രഹങ്ങളുമെല്ലാം പുതിയ അഭിമുഖത്തില്‍ നശ്വ പങ്കുവെച്ചിരിക്കുന്നു. 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ് ഞാന്‍.
വൈകി വന്നതിന്റെ കടംകൂടി വീട്ടി എന്നെ സ്‌നേഹിക്കാന്‍ മത്സരമായിരുന്നു രണ്ടുപേരും. തരിമ്പ് സ്‌നേഹക്കൂടുതല്‍ വാപ്പച്ചിക്കായിരുന്നു. നൗഷാദിക്കാ… നച്ചുവിനെ നിങ്ങള് സ്‌നേഹിച്ച് വഷളാക്കോ എന്ന് ഉമ്മയുടെ അനിയത്തി ആമിയും മൂത്തുമ്മമാരും മാമമാരും ചോദിക്കുമായിരുന്നു.
വാപ്പച്ചിയുണ്ടോ കേള്‍ക്കുന്നു. ആ മനുഷ്യന്‍ കരഞ്ഞതും ചിരിച്ചതും കിനാവ് കണ്ടതും എനിക്ക് വേണ്ടിയായിരുന്നു… നശ്വ പറഞ്ഞ് തുടങ്ങി. എന്റെ ഉപ്പ തന്ന സ്വാതന്ത്ര്യമാണ് വെറും പതിനഞ്ചാം വയസിലും എന്നെ ബോള്‍ഡാക്കി നിര്‍ത്തുന്നത്. ഷെഫിന്റെ മകളെ ഷെഫ് ആക്കാനോ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിപ്പിക്കാനോ കണക്കുകൂട്ടിയിരുന്നില്ല.
ഒന്നിനും നിര്‍ബന്ധിക്കാതെ എല്ലാം നച്ചുവിന്റെ ഇഷ്ടമെന്ന് പറഞ്ഞ് കൂടെ നിന്നു. പ്രിയപ്പെട്ടവര്‍ക്ക് വെച്ച് വിളമ്പി നടക്കുമ്പോഴും വേദനയുടെ നടുക്കയത്തിലായിരുന്നു വാപ്പച്ചി. അന്നൊന്നും അത് തിരിച്ചറിയാനുള്ള അറിവോ പക്വതയോ ഉണ്ടായിരുന്നില്ല. കുഞ്ഞിലേ ഫുട്‌ബോള്‍ കളിച്ചപ്പോഴുണ്ടായ പരുക്കിനെ തുടര്‍ന്ന് വാപ്പിച്ചിയുടെ ഇടുപ്പില്‍ നാല് സ്‌ക്രൂ ഇട്ടിരുന്നു.
ഒരുപാട് സമയം നില്‍ക്കേണ്ടി വരുമ്പോള്‍ വേദന അസഹനീയമാകും. എല്ലിനു തേയ്മാനമുണ്ടായിരുന്നു. അത് ഗുരുതരമായപ്പോള്‍ വെല്ലൂരിലെ ആശുപത്രിയില്‍ സര്‍ജറിയിലൂടെ സെറാമിക് എല്ല് പിടിപ്പിച്ചു. ഞാനെന്ത് ഉണ്ടാക്കി കൊടുത്താലും വാപ്പച്ചിക്ക് അത് അമൃതായിരുന്നു.
സര്‍പ്രൈസുകള്‍ കൊണ്ട് എന്നും ഞെട്ടിച്ചിരുന്നു വാപ്പച്ചി. ഒരു പിറന്നാളിന് എനിക്ക് സമ്മാനിച്ചത് ഗ്ലാന്‍സാ കാറായിരുന്നു. നൗഷാദ് ഇക്കാ… ഇത്രയും ആഡംബരം വേണോയെന്ന് ചോദിച്ചവരോട് എനിക്കെന്റെ നച്ചു മാത്രമല്ലേയുള്ളൂ. ഇനിയൊരൂ പക്ഷെ അവളുടെ കല്യാണത്തിന് ഞാനില്ലെങ്കിലോവെന്ന് പറഞ്ഞുവത്രേ.
ഇന്ന് ആ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ മുള്ളുകുത്തുന്ന വേദനയാണ്. ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത വിധം മനസ്സൊട്ടി നില്‍ക്കുന്നവരായിരുന്നു ഉമ്മയും വാപ്പിച്ചിയും. ഇപ്പോഴും വാപ്പച്ചിയും ഉമ്മച്ചിയും പോയിയെന്ന സത്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അവര്‍ യാത്ര പോയി അതുമല്ലെങ്കില്‍ വാപ്പച്ചി വര്‍ക്കിന് പോയിയെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും നശ്വ പറയുന്നു.