NEWSWorld

അക്കളി തീക്കളി സൂക്ഷിച്ചോ! അമേരിക്കയില്‍ പ്രോജക്ട് 2025നെതിരെ രതിച്ചിത്രതാരങ്ങള്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്ത ക്യാംപെയ്നുമായി പോണ്‍ (രതിച്ചിത്ര) വ്യവസായവും രംഗത്തെത്തി. യുഎസില്‍ ചര്‍ച്ചയാകുന്ന പ്രോജക്ട് 2025നെതിരെ അടിയന്തര ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പതിനേഴോളം പോണ്‍ സിനിമാ താരങ്ങള്‍ ‘Hands Off My Porn’ ക്യാംപെയ്ന് തുടക്കമിട്ടിരിക്കുകയാണ്. ഹെറിറ്റേജ് ഫൗണ്ടേഷനാണ് പ്രോജക്ട് 2025 എന്ന ആശയം മുന്നോട്ടുവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖരും ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. പോണ്‍ ചിത്രങ്ങളുടെ നിര്‍മാണവും ഉപഭോഗവും നിയമവിരുദ്ധമാക്കുന്ന നിര്‍ദേശങ്ങളാണ് പ്രോജക്ട് 2025-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രോജക്ട് 2025; വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണി

Signature-ad

പോണ്‍ സിനിമാ മേഖലയേയും എല്‍ജിബിടിക്യൂ ഉള്ളടക്കങ്ങളെയും സാമൂഹിക വിപത്തായി ചിത്രീകരിക്കുന്ന നിര്‍ദേശങ്ങളാണ് പ്രോജക്ട് 2025ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും പ്രോജക്ട് 2025ല്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പോണോഗ്രാഫിയെ മാത്രമല്ല ലക്ഷ്യമിടുന്നതെന്നും മറിച്ച് പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള യാഥാസ്ഥിതിക അജണ്ടയുടെ ഭാഗമാണ് പ്രോജക്ട് 2025 എന്ന പദ്ധതിയെന്നും വിമര്‍ശകര്‍ പറയുന്നു.

പോണ്‍ താരങ്ങളുടെ ക്യാംപെയ്ന്‍ ശക്തമായതോടെ അമേരിക്കന്‍ സമൂഹത്തിലെ യാഥാസ്ഥിതിക മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും എന്ന വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രോജക്ട് 2025 പ്രാബല്യത്തില്‍ വന്നാല്‍ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രങ്ങളുണ്ടാകുമെന്നും ഇവര്‍ വാദിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ പരസ്യങ്ങള്‍ നല്‍കാനും പദ്ധതിയിടുന്നുണ്ട്. കണ്‍സര്‍വേറ്റീവ് അനുകൂലികളുടെ പ്രോജക്ട് 2025 പദ്ധതിയെ എതിര്‍ക്കുന്നവരാണ് അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും എന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. യാഥാസ്ഥിതിക ആശയങ്ങളെ എതിര്‍ക്കുന്ന അമേരിക്കയിലെ ഭൂരിഭാഗം വരുന്ന യുവാക്കളിലും ഈ ക്യാംപെയ്ന്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുവ വോട്ടര്‍മാരുടെ പങ്കാളിത്തം

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ ചൂടുപിടിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് പോണ്‍ താരങ്ങള്‍ പ്രോജക്ട് 2025നെതിരെ ക്യാംപെയ്നുമായി രംഗത്തെത്തിയത്. അമേരിക്കയിലെ യുവാക്കളില്‍ ഭൂരിഭാഗം പേരും പോണ്‍ ചിത്രങ്ങള്‍ കാണുന്നവരാണ്. തെരഞ്ഞെടുപ്പ് പ്രചരണം കൊഴുത്തതോടെ യുവാക്കളിലേക്ക് തങ്ങളുടെ ആശയങ്ങളെത്തിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് വളരെ പണിപ്പെട്ടിരുന്നു. യുവതലമുറയിലെ ഭൂരിഭാഗം പേരും ഡൊണാള്‍ഡ് ട്രംപ് പക്ഷത്തേക്ക് ചായുന്ന ഘട്ടത്തിലാണ് ഡെമോക്രാറ്റുകള്‍ക്ക് പ്രോജക്ട് 2025 എന്ന തുറുപ്പുചീട്ട് വീണുകിട്ടിയത്. പ്രോജക്ട് 2025നെതിരെയുള്ള പോണ്‍താരങ്ങളുടെ ക്യാംപെയ്നും യുവാക്കളിലേക്ക് സ്വാധീനം ചെലുത്താന്‍ ഡെമോക്രാറ്റുകളെ സഹായിക്കുമെന്നാണ് കരുതുന്നത്. വ്യക്തി സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ അമിത നിയന്ത്രണവും എന്ന വിഷയം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് ഡെമോക്രാറ്റുകളും നേതൃത്വം നല്‍കും. ഇത് പുരോഗമന ആശയങ്ങളോട് താല്‍പ്പര്യം കാണിക്കുന്ന യുവാക്കളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ കരുതുന്നത്.

യുവാക്കളുടെ വോട്ട് ഉറപ്പിക്കുകയെന്നതിലുപരി ഹാന്‍ഡ്സ് ഓഫ് മൈ പോണ്‍ ക്യാംപെയ്ന്‍ മറ്റ് ചില ആശയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ലിംഗം-ലൈംഗിക സ്വാതന്ത്ര്യം എന്നിവയുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ക്യാംപെയ്ന്‍ തിരികൊളുത്തുന്നുണ്ട്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയും ക്യാംപെയ്ന്‍ ചര്‍ച്ച ചെയ്യുന്നു. കണ്‍സര്‍വേറ്റീവ് നയങ്ങള്‍ ദോഷകരമായി ബാധിക്കുന്ന സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടിയും ക്യാംപെയ്ന്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ഇതെല്ലാം സാമൂഹിക നീതി, സമത്വം എന്നിവയെപ്പറ്റി കൃത്യമായ നിലപാടുള്ള വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: