ആലപ്പുഴ: പ്രസവം കഴിഞ്ഞെത്തിയ കരാര്‍ ജീവനക്കാരിക്ക് ജോലി നഷ്ടമായ സംഭവത്തില്‍ പരാതിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി നിയമസഹായം നല്‍കുമെന്ന് വനിതാ കമ്മിഷന് അറിയിച്ചു. പഞ്ചായത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന യുവതി പ്രസവത്തോടനുബന്ധിച്ച് ലീവെടുത്ത സമയത്ത് കരാര്‍ അവസാനിക്കുകയും പിന്നീട് പുതുക്കി നല്‍കാതിരുന്നതും സംബന്ധിച്ച യുവതിയുടെ പരാതിയിലാണ് കോടതിയെ സമീപിക്കാനും നിയമസഹായം നല്‍കാനും കമ്മിഷന് തീരുമാനിച്ചത്. പരാതിയില്‍ വിശദീകരണം നല്‍കുന്നതിനായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഇന്നലെ കമ്മിഷനു മുന്നില്‍ ഹാജരായിരുന്നു.
പ്രസവാനുകൂല്യം സ്ത്രീകളുടെ അവകാശമാണെന്നു പരാതി പരിഗണിച്ച കേരള വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണി അറിയിച്ചു. സ്വകാര്യ മേഖലയില്‍, പ്രത്യേകിച്ച് കോര്‍പറേറ്റ് മേഖലയില്‍ ഈ അവകാശം നിഷേധിക്കപ്പെടുന്നു. മാനേജ്മെന്റ് മാത്രമല്ല, സഹപ്രവര്‍ത്തകര്‍ കൂടി പ്രസവാനുകൂല്യം നിഷേധിക്കാന്‍ കാരണങ്ങള്‍ കണ്ടുപിടിക്കുന്നു. ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കമ്മിഷനു മുന്നിലെത്തുന്ന പരാതികളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ഗാര്‍ഹിക പീഡന പരാതികളും വര്‍ധിക്കുകയാണ്. ഇത്രയേറെ ബോധവല്‍ക്കരണം നടന്നിട്ടും ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ ഭയാനകമാണെന്നും മഹിളാമണി ചൂണ്ടിക്കാട്ടി. അദാലത്തില്‍ പരിഗണിച്ച 73 കേസുകളില്‍ 23 എണ്ണം പരിഹരിച്ചു. 8 കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. മറ്റു കേസുകള്‍ തുടര്‍ നടപടികള്‍ക്കായി അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മിഷന് അഭിഭാഷകരായ ജീനു ഏബ്രഹാം, രേഷ്മ ദിലീപ്, മിനിസ എന്നിവരും പങ്കെടുത്തു.