‘പഞ്ചാഗ്നി മധ്യേ തപസു ചെയ്താലുമീ’ എന്നു വിധിയില്‍ എഴുതിയ ജഡ്ജിക്കു ‘നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും’ എന്ന ബൈബിള്‍ വാചകം മറുപടി; ശബരിമല വിഷയത്തില്‍ കോടതിയലക്ഷ്യം നേരിടുന്ന സുരേഷ് കുമാര്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രംഗത്ത്; ‘കൊടിമരം മാറ്റിയതിലെ ജുഡീഷ്യല്‍ വീഴ്ചയില്‍ ജഡ്ജിമാരെ ഏത് അഗ്നിയില്‍ ദഹിപ്പിക്കും?’

കൊച്ചി: ‘പഞ്ചാഗ്നിമധ്യേ തപസു ചെയ്താലുമീ’ എന്ന സിനിമാപ്പാട്ട് വിധിയില്‍ എഴുതിച്ചേര്‍ത്ത ജഡ്ജിക്ക് ‘നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും, നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നുകിട്ടും’ എന്ന ബൈബിള്‍ വചനമാണു മറുപടിയെന്ന് ദേവസ്വം ബെഞ്ചിനെതിരായ എഫ്ബി പോസ്റ്റുകളുടെ പേരില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന പി.കെ. സുരേഷ് കുമാര്‍. ഒരു ജഡ്ജിയും വിമര്‍ശനത്തിന് അതീതരല്ലെന്നും ഭരണഘടനാ പദവികള്‍ വഹിക്കുന്നതിന്റെ ചില പ്രവിലേജുകള്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഗാലറികളിലെ കൈയ്യടികള്‍ ലക്ഷ്യം വെച്ച് എന്ന് സംശയിക്കുന്ന രീതിയില്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണ്. ബോര്‍ഡിന് മുകളില്‍ ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ ആരുടെ എന്ത് എടുത്ത് നടക്കുകയായിരുന്നു? എന്തേ ആ ചോദ്യം കോടതി ചോദിക്കുന്നില്ല? പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് അന്നത്തെ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിദ്ധ്യത്തിന്‍ നടന്ന കൊടിമര പുനരുദ്ധാരണം സംബന്ധിച്ച് ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൊടിമര പുനരുദ്ധാരണം സംബന്ധിച്ച് അഭിഭാഷക കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് ആ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ അന്നത്തെ ദേവസ്വം ബെഞ്ചിന്റെ തീരുമാനം ഇപ്പോള്‍ പഴയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം ഉയരുമ്പോള്‍ അന്നത്തെ ദേവസ്വം ബെഞ്ചിന്നും തെറ്റുപറ്റിയെന്നല്ലേ തെളിയുന്നത്? അതിന്റെ പേരില്‍ മുന്‍ ജഡ്ജിമാരെ ഏത് പഞ്ചാഗ്‌നിയില്‍ ആണ് ദഹിപ്പിക്കേണ്ടത്? ശബരിമലയില്‍ നടന്ന തട്ടിപ്പുകള്‍ക്ക് മുന്‍ ദേവസ്വം ബെഞ്ചുകള്‍ക്കും പരോക്ഷമായ ഉത്തരവാദിത്വമുണ്ട്. ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അവര്‍ക്ക് പറ്റിയ വീഴ്ചകളും തട്ടിപ്പുകള്‍ക്ക് കാരണമായിട്ടുണ്ടെന്നും സുരേഷ് കുമാര്‍ എഴുതുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ആദ്യമേ തന്നെ പറയട്ടെ ഇപ്പോഴത്തെ ദേവസ്വം ബെഞ്ചിന് എതിരായ വിമര്‍ശനങ്ങളുടെ പേരില്‍ അല്ല എനിക്ക് എതിരെ ഹൈക്കാടതി കോടതി അലക്ഷ്യ കേസുകള്‍ എടുത്തത് … ഇപ്പോഴത്തെ ദേവസ്വം ബെഞ്ചിനോട് ഒരു വിയോജിപ്പും എനിക്കില്ല…. മുന്‍ ദേവസ്വം ബെഞ്ചിന് എതിരായ വിമര്‍ശനങ്ങളും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സംഘപരിവാര്‍ ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന Fb പോസ്റ്റുകളാണ് രണ്ട് ക്രിമിനല്‍ കോടതി അലക്ഷ്യ കേസുകള്‍ ഹൈക്കോടതി എനിക്ക് എതിരെ എടുത്തതിന് കാരണമായി പറഞ്ഞത്… ഒരു ജഡ്ജിയും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല … ഭരണഘടന പദവി വഹിക്കുന്നതിന്റെ പ്രിവിലേജുകള്‍ ഉണ്ട് എന്നല്ലാതെ ആരും നിയമത്തിന് അതീതതരുമല്ല.
ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക് ലഭിക്കുക തന്നെ വേണം… പക്ഷേ നിയമാനുസൃതമായ വിചാരണക്ക് ഒടുവില്‍ മാത്രമാണ് അയാള്‍ കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് അന്തിമമായി തീരുമാനിക്കപ്പെടുക. അതിനിടയില്‍ കുറ്റാരോപിതന്‍ റിമാന്‍ഡില്‍ ആയിട്ടുണ്ട് എങ്കില്‍ സ്വാഭാവികമായും ജാമ്യം തേടി ട്രയല്‍ കോടതി മുകള്‍ മേല്‍ക്കോടതികളെ വരെ സമീപിക്കുകയും ചെയ്യും… ഇത്തരത്തില്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച ശബരിമല സ്വര്‍ണ്ണ കേസിലെ പ്രതിപ്പട്ടികയില്‍ ഉളള പദ്മകുമാര്‍, ശങ്കര ദാസ് എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിംഗിള്‍ ജഡ്ജ് Hon ജസ്റ്റിസ് ശ്രീ ബദറുദ്ദീന്‍ നടത്തിയ ചില അനുചിത പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഈ Post
” പഞ്ചാഗ്‌നി മദ്ധ്യേ തപസ്സ് ചെയ്താലുമീ ‘ എന്ന് തുടങ്ങുന്ന സിനിമ ഗാനത്തിന്റെ പല്ലവിയ്ക്ക് മറുപടി ഒരു ബൈബിള്‍ വചനമാണ് . ” നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.”
– മത്തായിയുടെ സുവിശേഷം 7:2, ബൈബിള്‍ (പുതിയ നിയമം).
ശബരിമലയിലെ സ്വര്‍ണ്ണ മോഷണ വിഷയം Hon: ജസ്റ്റിസ് രാജാ വിജയരാഘവന്‍ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ച് ( ഡിവിഷന്‍ ബെഞ്ച് ) ഇന്‍കാമറ പ്രൊസീഡിങ്‌സ് വഴി പരിഗണിച്ച് പ്രസ്തുത ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ SIT അന്വേഷണം നടന്ന് വരികയാണ്… ആ കേസില്‍ തന്ത്രിയും മുന്‍ ദേവസ്വം ഭാരവാഹികള്‍ അടക്കം പലരെയും അറസ്റ്റ് ചെയ്യുകയും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ എല്ലാം റിമാന്‍ഡില്‍ ആകുകയും ചെയ്തു… SIT അന്വേഷണത്തെക്കുറിച്ച് അതിന് മേല്‍നോട്ടം വഹിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് ഒരു ആക്ഷേപവും ഉള്ളതായി വിവരമില്ല… അന്വേഷണ പുരോഗതിയില്‍ ദേവസ്വം ബെഞ്ച് സംതൃപ്തി രേഖപ്പെടുത്തിയതായാണ് മാധ്യമ വാര്‍ത്തകള്‍ ……
ശ്രീകോവിലില്‍ എലി കയറുന്നു എന്ന് പറഞ്ഞ് കട്ടിളപ്പാളികളുടെ നവീകരണത്തിന് ദേവസ്വം ബോര്‍ഡ് ഭരണ സമിതിക്ക് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത് തന്ത്രിയാണ്.. തന്ത്രിയും ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സ്വര്‍ണ്ണം പൂശിയ പാളികളില്‍ നിറം മങ്ങി എന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് നല്‍കുന്നത്.. നിറം മങ്ങിയ പാളികളില്‍ കൂടുതല്‍ സ്വര്‍ണ്ണം പൂശി തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആയി ദേവസ്വം ബോര്‍ഡിന് മുന്നില്‍ അവതരിപ്പിച്ചതും തന്ത്രി തന്നെയാണ്. തന്ത്രിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും ദേവസ്വം ഗോള്‍ഡ് സ്മിത്ത് ( തട്ടാന്‍) , സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരെ മാത്രം വിശ്വാസത്തില്‍ എടുത്ത് കാര്യങ്ങള്‍ ചെയ്തതിന്റെ പരിണിത ഫലമാണ് മുന്‍ പ്രസിഡന്റുമാരായ പദ്മകുമാറും വാസുവും മറ്റ് ബോര്‍ഡ് അംഗങ്ങളും അനുഭവിക്കുന്നത്…
#അവര്‍ക്ക് പറ്റിയ വീഴ്ചകള്‍ :-
1) സ്വര്‍ണ്ണം പൂശിയ പാളികളില്‍ നവീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ച കാര്യം ഹൈകോടതിയിലെ ദേവസ്വം ബെഞ്ചിനെ അറിയിച്ചില്ല.
2) തന്ത്രി അവതരിപ്പിച്ച സ്‌പോണ്‍സര്‍ ആയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏകപക്ഷീയമായി നവീകരണ പ്രവര്‍ത്തനം ഏല്‍പ്പിച്ച് കൊടുത്തു..
3 ) നവീകരണ പ്രവര്‍ത്തനം നടത്തുന്ന കാര്യം പരസ്യപ്പെടുത്തി മറ്റ് ഭക്തര്‍ക്ക് ഈ പ്രവൃത്തി വഴിപാടായി ഏറ്റെടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ആരാഞ്ഞില്ല.
4 ) 1998 ല്‍ വിജയ് മല്യ എത്ര കിലോ സ്വര്‍ണ്ണം ശബരിമലയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നോ, സ്വര്‍ണ്ണം പൂശിയ പാളികള്‍ നവീകരിക്കേണ്ടതുണ്ടോ എന്ന് വിശദ പരിശോധന നടത്താതെ തന്ത്രിയെയും ഉദ്യോഗസ്ഥരെയും വിശ്വസിച്ച് നവീകരണ പ്രവര്‍ത്തനം നടത്താനും അത് ഏകപക്ഷീയമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കാനും ഭരണപരമായ തീരുമാനം എടുത്തു.
5 ) നവീകരണ പ്രവര്‍ത്തനം പോറ്റിയെ ഏല്‍പ്പിക്കാന്‍ തീരമാനിച്ചതിന് ശേഷം ബോര്‍ഡ് തീരുമാനപ്രകാരമാണോ കാര്യങ്ങള്‍ നടക്കുന്നത് എന്ന് ഒരു പരിശോധനകളും നടത്തിയില്ല.
6) പോറ്റിക്ക് നവീകരണത്തിനായി ഏല്‍പ്പിച്ച പാളികളില്‍ എത്ര അളവില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് പരിശോധിക്കാതെ പോറ്റിക്ക് കൈമാറി
7) പോറ്റി നവീകരണം നടത്തി തിരികെ സമര്‍പ്പിച്ച പാളികളില്‍ എത്ര അളവില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് പരിശോധിച്ചില്ല…
8 ) എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു കൊടുത്ത് ഭരണസമിതി നിരുത്തരവാദപരമായി പെരുമാറി….
ഇക്കാരണങ്ങളാലാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും അംഗങ്ങളും പോറ്റി നടത്തിയ സ്വര്‍ണ്ണ മോഷണ കേസില്‍ പ്രതികളായത്… ഏല്‍പ്പിച്ചു കൊടുത്ത പദവികളില്‍ ഇരുന്ന് ചെയ്യേണ്ട പണികള്‍ കൃത്യമായി പഠിച്ച് ഉത്തരവാദിത്വത്തോടെ ചെയ്യുകയും ചെയ്യിക്കുന്നതിനും പകരം എല്ലാം ഉദ്യോഗസ്ഥന്‍മാരെ ഏല്‍പ്പിച്ച് നടന്നതിന്റെ ദുരന്തം അവര്‍ അനുഭവിക്കുന്നു …
കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ ആയിരത്തിന് മുകളില്‍ ക്ഷേത്രങ്ങളും ഒരുപാട് തന്ത്രിമാര്‍ ഉണ്ടെങ്കിലും ദൈനം ദിന കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് നിര്‍ണ്ണായക റോള്‍ ഉള്ളത് ശബരിമലയിലും ഗുരുവായൂരും മാത്രമാണ്… ശബരിമലയില്‍ പൂജാ കാര്യങ്ങളില്‍ മേല്‍ശാന്തിയേക്കാള്‍ റോള്‍ തന്ത്രിക്കാണ്. അങ്ങനെ ഒരു അവകാശ- അധികാരം തന്ത്രപരമായി താഴമണ്‍ കുടുംബം സ്ഥാപിച്ചെടുത്തു …
ശബരിമല മേല്‍ശാന്തിയുടെ നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമാണ്. ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷവും…. ഉദ്യോഗസ്ഥര്‍ റിട്ടയര്‍മെന്റ് വരെ സര്‍വീസില്‍ തുടരുന്നവരും തന്ത്രിമാര്‍ പാരമ്പര്യ അവകാശമായി തന്ത്രിപ്പണി ഒന്നേകാല്‍ നൂറ്റാണ്ടായി കുടുംബ സ്വത്തായി കൊണ്ടു നടക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥ – തന്ത്രി കൂട്ടുകെട്ടിന് അനായാസമായി ഭരണസമിതിയെ വെട്ടില്‍ ചാടിക്കാന്‍ കഴിയും… അവര്‍ ഒരുക്കിയ വെട്ടില്‍ അനായാസമായി ഭരണസമിതി ചാടി കൊടുത്തു…
സ്വര്‍ണ്ണം പൂശിയ പാളികളിലെ നവീകരണ പ്രവര്‍ത്തികള്‍ ശബരിമല സന്നിധാനത്ത് വെച്ച് തന്നെ നടത്തണം എന്ന ദേവസ്വം ബോര്‍ഡ് ഭരണ സമിതി തീരുമാനം അട്ടിമറിച്ച് സന്നിധാനത്തിന് പുറത്തേക്ക് പാളികള്‍ കൊണ്ടുപോകാന്‍ പോറ്റിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജയശ്രീയാണ്… ജയശ്രീയുടെ ഉത്തരവിന്റെ മറവില്‍ പാളികള്‍ പുറത്തേക്ക് കടത്തിയാണ് പോറ്റി പാളികളിലെ സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിച്ച് മോഷണം നടത്തിയത്…എന്നിട്ട് പുതിയ ചെമ്പുപാളി നിര്‍മ്മിച്ച് അതില്‍ പേരിന് മാത്രം സ്വര്‍ണ്ണം പൂശി തിരികെ ദേവസ്വം ബോര്‍ഡിന് നല്‍കി….
ഇത്രയും വസ്തുതകള്‍ നിലനില്‍ക്കേ നിയമ വ്യവസ്ഥകള്‍ക്ക് അപ്പുറത്ത് ഗാലറികളിലെ കൈയ്യടികള്‍ ലക്ഷ്യം വെച്ച് എന്ന് സംശയിക്കുന്ന രീതിയില്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണ് …. ബോര്‍ഡിന് മുകളില്‍ ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ ആരുടെ എന്ത് എടുത്ത് നടക്കുകയായിരുന്നു ? എന്തേ ആ ചോദ്യം കോടതി ചോദിക്കുന്നില്ല ? പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് അന്നത്തെ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിദ്ധ്യത്തിന്‍ നടന്ന കൊടിമര പുനരുദ്ധാരണം സംബന്ധിച്ച് ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്.. കൊടിമര പുനരുദ്ധാരണം സംബന്ധിച്ച് അഭിഭാഷക കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് ആ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ അന്നത്തെ ദേവസ്വം ബെഞ്ചിന്റെ തീരുമാനം ഇപ്പോള്‍ പഴയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം ഉയരുമ്പോള്‍ അന്നത്തെ ദേവസ്വം ബെഞ്ചിന്നും തെറ്റ് പറ്റി എന്നല്ലേ തെളിയുന്നത് ? അതിന്റെ പേരില്‍ മുന്‍ ജഡ്ജിമാരെ ഏത് പഞ്ചാഗ്‌നിയില്‍ ആണ് ദഹിപ്പിക്കേണ്ടത് ? ശബരിമലയില്‍ നടന്ന തട്ടിപ്പുകള്‍ക്ക് മുന്‍ ദേവസ്വം ബെഞ്ചുകള്‍ക്കും പരോക്ഷമായ ഉത്തരവാദിത്വമുണ്ട്….ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അവര്‍ക്ക് പറ്റിയ വീഴ്ചകളും തട്ടിപ്പുകള്‍ക്ക് കാരണമായിട്ടുണ്ട്…
ഈ സ്വര്‍ണ്ണ അപഹരണം വഴി ദേവസ്വം ബോര്‍ഡിന് ഉണ്ടായ നഷ്ടത്തേക്കാള്‍ പലമടങ്ങ് നഷ്ടം ഹൈക്കോടതിയിലെ മുന്‍ ദേവസ്വം ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടാക്കി വെച്ചില്ലേ… ഒന്നും രണ്ടും കോടി രൂപയല്ല… ഏകദേശം 8 കോടിയോളം രൂപയാണ് മുന്‍ ദേവസ്വം ബെഞ്ചിന്റെ തെറ്റായ വിധി മൂലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായത്.. കൂട്ടത്തില്‍ ഒരു നിരപരാധിയ്ക്ക് എതിരെ കേസ് എടുത്ത് പ്രോസിക്യൂട്ട് ചെയ്യാനും മുന്‍ ദേവസ്വം ബെഞ്ച് ഉത്തരവിട്ടില്ലേ ? ഹൈക്കോടതിയ്ക്ക് തെറ്റുപറ്റി എന്ന് ഞാന്‍ പറയുന്നതല്ല… ഹൈകോടതിയുടെ തെറ്റായ വിധി രൂക്ഷമായ പ്രതികരണങ്ങളോടെ റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയുണ്ട്…
( Supreme Court Citation (in the Aravana cardamom procurement case)
Case Title: The Travancore Devaswom Board vs. Ayyappa Spices & Ors.
Supreme Court of India
Civil Appeal Nos. 3866-3867 of 2024
Judgment Date: 06 March 2024
Bench: Hon’ble Mr. Justice A.S. Bopanna and Hon’ble Mr. Justice Pamidighantam Sri Narasimha? )
സുപ്രീം കോടതിയുടെ ആ വിധി ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡിന് ഉണ്ടായ നഷ്ടം ഹൈക്കോടതി നികത്തണം എന്നതടക്കമുളള പ്രതികരണങ്ങള്‍ എന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ വന്നതിന്റെ പേരില്‍ അല്ലേ എന്നെ വളഞ്ഞിട്ട് പിടിച്ച് സ്വമേധയാ ക്രിമിനല്‍ കോടതി അലക്ഷ്യ കേസ് എടുത്ത് എന്നെ ശിക്ഷിച്ചത്….. ? അതും ബെഞ്ച് ഹണ്ടും റോസ്റ്റര്‍ മാനിപുലേഷന്‍ അടക്കം നടത്തി…
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ തൊഴിലും വരുമാനവും നിലച്ച് ബുദ്ധിമുട്ടിലായ ഘട്ടത്തില്‍ കുറച്ച് ആളുകള്‍ക്ക് എങ്കിലും കഞ്ഞി കുടിക്കാന്‍ സഹായം ആകട്ടെ എന്ന് കരുതി CMDRF ലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന ചെയ്തപ്പോള്‍ അതിനെ ചോദ്യം ചെയ്ത് സംഘപരിവാറുകാര്‍ ഭക്തര്‍ എന്ന വ്യാജേന ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ അത് പരിഗണിച്ച് ദേവസ്വം ബോര്‍ഡിന്റെ കോവിഡ് സഹായം തടഞ്ഞ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് മറക്കരുത്. തിരുപ്പതി ദേവസ്വം, പുരി ജഗന്നാഥ ദേവസ്വം അടക്കം രാജ്യത്തെ ഒട്ടേറെ ദേവസ്വങ്ങള്‍ PM കെയേഴ്‌സിലേക്ക് കോടികള്‍ സംഭാവന ചെയ്ത ഘട്ടത്തിലാണ് CMDRF ലേക്കുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ സംഭാവന ഹൈക്കോടതിയാല്‍ തടയപ്പെട്ടത് എന്നോര്‍ക്കണം…
ദേവസ്വം സ്വത്തുവകകളുടെ ജുഡീഷ്യല്‍ കാവലാളുകള്‍ ആയ ദേവസ്വം ബെഞ്ചിന്റെ തെറ്റായ വിധി മൂലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 8 കോടിയോളം രൂപ നഷ്ടപ്പെട്ടതിന് ആരെങ്കിലും ഏതെങ്കിലും പഞ്ചാഗ്‌നിയില്‍ ദഹിച്ചുവോ ?
പദ്മകുമാറിനും ശങ്കരദാസിനും എതിരെ ഇത്ര രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രസ്തുത ജഡ്ജിന് എതിരെ വനിതാ അഭിഭാഷകയെ ഓപ്പണ്‍ കോര്‍ട്ടില്‍ അപമാനിച്ചതിന്റെ പേരില്‍ ഹൈക്കോടതി അഭിഭാഷകര്‍ കോടതി ബഹിഷ്‌കരണ സമരം നടത്തിയിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ല… ഈ ജഡ്ജിയെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് സ്ഥലം മാറ്റണം എന്ന ആവശ്യം അന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ മുന്നോട്ട് വെച്ചിരുന്നു ..ഒടുവില്‍ Hon. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ വെച്ച് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ ഈ ജഡ്ജി വനിതാ അഭിഭാഷകയോട് മാപ്പ് പറയുകയും തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് Hon. ശ്രീ നിധിന്‍ ജംദാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് അഭിഭാഷകര്‍ ഈ ജഡ്ജിയുടെ കോടതി ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയായിരുന്നു .. അഭിഭാഷക അസോസിയേഷന്‍ അറിയാതെ ജഡ്ജിക്ക് വേണ്ടി മധ്യസ്ഥനായി ഇടപെട്ട Adv ജോര്‍ജ് പൂന്തോട്ടത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് അസോസിയേഷന്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. അഭിഭാഷക എന്നത് പോട്ടെ ഒരു സ്ത്രീയെ പൊതു മധ്യത്തില്‍ അപമാനിച്ചതിന്റെ പേരില്‍ മാപ്പ് പറഞ്ഞ് തടി കൈച്ചിലാക്കിയതല്ലാതെ ഏതെങ്കിലും പഞ്ചാഗ്‌നിയില്‍ ജഡ്ജി ദഹിക്കുക ഒന്നും വേണ്ട ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ കീഴില്‍ ഏതെങ്കിലും നടപടിക്ക് വിധേയനായോ…? ഇല്ലല്ലോ… അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഭര്‍തൃവിയോഗത്തിന്റ ദുഖം പേറുന്ന ഒരു വിധവയുടെ കണ്ണുനീര്‍ വീണ കോടതി മുറിയല്ലേ നിങ്ങളുടേത് ….? IPC 509 അഥവാ BNS 70 പ്രകാരമുള്ള കുറ്റമല്ലേ താങ്കള്‍ ചെയ്തത് ? അത് പ്രകാരമുള്ള നിയമ നടപടി ഒന്നും താങ്കള്‍ക്ക് നേരിടേണ്ടി വന്നില്ല, കാരണം ജുഡീഷ്യല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിരക്ഷ…. എന്നാല്‍ ഇന്‍ഹൗസ് പ്രൊസീജിയറിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ പകരം മധ്യസ്ഥനെ ഇറക്കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിച്ചു.. അകാലത്തില്‍ ഭര്‍ത്താവ് മരിച്ച അഭിഭാഷകയ്ക്ക് തുടര്‍ന്ന് ജീവിക്കാന്‍ അഭിഭാഷക ജോലി ആവശ്യമായതുകൊണ്ട് ആ പാവം മധ്യസ്ഥന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വിഷയം വിട്ടു… ഇതല്ലേ നടന്നത് .. ?
അതു കൊണ്ട് തന്നെ പറയുന്നു.
‘നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.”
– മത്തായിയുടെ സുവിശേഷം 7:2, ബൈബിള്‍ (പുതിയ നിയമം)
ജുഡീഷ്യല്‍ വ്യവസ്ഥയെ പരിഹാസ്യമാക്കി ജുഡീഷ്യറിയെ ദുരുപയോഗിച്ച് എന്നെ വേട്ടയാടിയത് സംബന്ധിച്ചും ബെഞ്ച് ഹണ്ട് റോസ്റ്റര്‍ മാനിപ്പുലേഷന്‍ എന്നിവ സംബന്ധിച്ചും ഫെയര്‍ ട്രയല്‍ ഉറപ്പാക്കിത്തരണം എന്ന് അഭ്യര്‍ത്ഥിച്ചും ഞാന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതി ചീഫ് ജസ്റ്റിസിന് നല്‍കാതെ രജിസ്ട്രി പൂഴ്ത്തി വെച്ചില്ലേ ? ഹൈക്കോടതിക്ക് തെറ്റുപറ്റി എന്ന് വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയ തന്റെ വിധിയെ ന്യായീകരിച്ച് താന്‍ പരിഗണിക്കാന്‍ പാടില്ലാത്ത കേസ് പരിഗണിച്ച് അതിലെ കൗണ്ടര്‍ അഫിഡവിറ്റിന് മറുപടിയായി വിശദമായ ഇന്ററിം ഓര്‍ഡര്‍ പുറപ്പെടുവിച്ച് അതിന്റെ ഇന്‍ഫ്‌ലുവന്‍സില്‍ മറ്റൊരു ബെഞ്ചിനെ കൊണ്ട് വിചാരണ നടത്തിച്ച് ശിക്ഷിക്കുകയല്ലേ ചെയ്തത്… ഒരു ജഡ്ജി സംഘപരിവാര്‍ സംഘടനകളുടെ വേദി നിരങ്ങി നടക്കുന്നതും സംഘപരിവാര്‍ സംഘടനയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തതും ജുഡീഷ്യല്‍ പ്രോട്ടോക്കോളിന്റെ ലംഘനം ആണ് എന്ന് പറഞ്ഞതിന് വാടക പരാതിക്കാരനെ രംഗത്തിറക്കി എനിക്ക് എതിരെ പോലീസിനെ കൊണ്ട് ക്രിമിനല്‍ കേസ് എടുപ്പിച്ചതും എന്റെ Fb Account പൂട്ടിച്ചതും ഈ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി അല്ലേ ….. ?
മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ പ്രിവന്‍ഷന്‍ ഓഫ് SC- ST അട്രോസിറ്റീസ് ആക്ട് പ്രകാരം രണ്ട് ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കുമെതിരെ DGP യ്ക്ക് നല്‍കിയ പരാതിയിലെ പോലീസ് അന്വേഷണം അട്ടിമറിക്കുക അല്ലായിരുന്നോ ? ജുഡിഷ്യല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിരക്ഷ ലഭിക്കാത്ത കുറ്റങ്ങള്‍ അല്ലേ SC- ST അട്രോസിറ്റീസ് ആക്ടിന്റെ കീഴില്‍ വരുന്നത്… ? പോലീസ് അന്വേഷണം അട്ടിമറിച്ചതിന് എതിരെ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച് പെറ്റീഷന്റെ മെറിറ്റിലേക്ക് കടക്കാതെ പരാതി ചീഫ് ജസ്റ്റിസിന് മുന്നില്‍ സബ്മിഷന്‍ ആയി അവതരിപ്പിക്കാന്‍ ഉപദേശിച്ച് റിട്ട് തള്ളി ഹൈക്കോടതിയുടെ മുഖം രക്ഷിക്കുകയല്ലായിരുന്നോ ?
രണ്ട് ജഡ്ജിമാര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വാശിയില്‍ അല്ലേ വാദിഭാഗം സാക്ഷികള്‍ എതിര്‍ വിസ്താരത്തില്‍ പൊളിയുകയും പ്രോസിക്യൂഷന് സുവ്യക്തമായ തെളിവുകള്‍ എനിക്ക് എതിരെ ഹാജരാക്കാന്‍ കഴിയാതിരുന്നിട്ടും കോടതി അലക്ഷ്യ കേസില്‍ എന്നെ ശിക്ഷിച്ചത്..
ശബരിമലയില്‍ നടന്ന സ്വര്‍ണ്ണ മോഷണം വിശ്വാസികള്‍ക്ക് ഏറെ മുറിവേറ്റ കാര്യം തന്നെയാണ്.. ആ മോഷണം എന്നല്ല അവിടെ നിന്ന് ചില്ലിക്കാശ് നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിലും കര്‍ശനനടപടി വേണം… കുറ്റക്കാര്‍ ഒരു ദയവും ഇല്ലാതെ ശിക്ഷിക്കപ്പെടണം.എന്നാല്‍ കളവ് നടത്താത്തവരെ മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ വേട്ടയാടുന്നതിനോട് യോജിപ്പില്ല… അക്കാര്യം തുറന്നു പറയുക തന്നെ ചെയ്യും… റീച്ചിനും റേറ്റിങ്ങിനും വേണ്ടി നടക്കുന്ന അണ്‍ എത്തിക്കലായ മാധ്യമ വിചാരണകള്‍ ഒരിക്കലും ജഡ്ജിമാരുടെ കാഴ്ചപ്പാടുകളില്‍ പ്രതിഫലിച്ചു കൂടാ..
ഇത്രയും പറഞ്ഞതിന്റെ പേരില്‍ അടിയന്റെ നെഞ്ചത്തേക്ക് മൂന്നാം കോടതി അലക്ഷ്യ കേസ് ചാര്‍ത്തിത്തരരുത് …
പിന്‍കുറി :- ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ശ്രീ നിധിന്‍ ജംദര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം സമഗ്രമായ പരാതികള്‍ ചീഫ് ജസ്റ്റിസിന് നല്‍കിയിരുന്നു. അതില്‍ പുതിയ ചീഫ് ജസ്റ്റിസ് എന്ത് നടപടികള്‍ കൈക്കൊള്ളും എന്നറിയാന്‍ കാത്തിരിക്കുന്നു …






