‘രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… ജീവൻ നഷ്ടപ്പെടും മുൻപ് മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുകയറാൻ കൊതിച്ച് ബിസ്മീർ, ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷം, ബോധം പോയി, മൂക്കിൽ നിന്നു പതവരുന്നു, സിപിആർ കൊടുക്കുമോയെന്ന് ചോദിച്ചിട്ടും ഡോക്ടർ നോക്കി നിന്നു’- ബിസ്മീറിന്റെ ഭാര്യ,

തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്ത്. ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിയെ ഏറെനേരം പുറത്ത് കാത്തുനിർത്തിയ ശേഷമാണ് ഡോക്ടറും നഴ്സുമെത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സ്വിഗി ജീവനക്കാരായ ബിസ്മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ വന്നതോടെ ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്മീറും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നത്. ആദ്യം അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറായില്ല. പിന്നാലെ എന്നാൽ രോഗിയെ അകത്തെത്തിച്ചെങ്കിലും ഡോക്ടർമാരോ നഴ്സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് ബിസ്മീറിന്റെ ഭാര്യ പറയുന്നത്. കഴിഞ്ഞദിവസമാണ് ചികിത്സാപ്പിഴവിനെ തുടർന്ന് കൊല്ലംകൊണം സ്വദേശിയായ ബിസ്മീർ(37) മരിച്ചത്.
‘മരിക്കുന്നതിനു തൊട്ടുമുൻപും രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… എന്ന് ബിസ്മീർ നിലവിളിച്ചുകൊണ്ടിരുന്നു, ഈ സമയം ഡോക്ടറും, നഴ്സും സോഡിയം കുറഞ്ഞതാണോ, അയൺ കുറഞ്ഞതോണോയെന്ന് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ആവി കൊടുക്കുമോയെന്നു ചോദിച്ചപ്പോൾ വെറുതെ സ്വിച്ചിട്ട് മാസ്ക് കയ്യിൽ തന്നു. അതുപോലെ ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷമെന്നും യുവതി പറഞ്ഞു. ഇതിനിടയിൽ ബോധം പോയി, മൂക്കിൽ നിന്നു പത വന്നു, സിപിആർ കൊടുക്കുമോയെന്ന് ചോദിച്ചിട്ടും ഡോക്ടർ നോക്കി നിന്നു, പിന്നീട് അവർ നിങ്ങൾ എങ്ങനെയാണ് വന്നതെന്നു ചോദിച്ചപ്പോൾ ടൂവീലറിനെന്നു പറഞ്ഞതും നഴ്സ് വഴക്ക് പറഞ്ഞു. പിന്നീട് ആംബുലൻസ് ഡ്രൈവറെ വിളിച്ചു’വെന്നും ബിസ്മീറിന്റെ ഭാര്യ സ്വകാര്യ ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
അതേസമയം, പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു. വിളപ്പിൽശാലയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ബിസ്മീറിനെ എത്തിച്ചെങ്കിലും 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കടക്കം പരാതിനൽകാൻ ഒരുങ്ങുകയാണ് കുടുംബം.






