CrimeNEWS

ബാബാ സിദ്ദിഖിക്ക് സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം; അന്വേഷണം ലോറന്‍സ് ബിഷ്ണോയിലേക്കും

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമായും സംശയിക്കുന്നത് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തെ. അറസ്റ്റിലായ രണ്ടുപേര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് അവകാശപ്പെട്ടു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലോറന്‍സ് ബിഷ്‌ണോയും സംഘവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഹരിയാന സ്വദേശി ഗുര്‍മല്‍ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ബോളിവുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ബാബ സിദ്ദിഖി. ഇദ്ദേഹം സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുക്കാറുണ്ട്. സല്‍മാനും ഷാറൂഖും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചത് സിദ്ദിഖിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാന്‍ഖാന്റെ വീടിനുനേരെ മാസങ്ങള്‍ക്ക് മുന്‍പ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം വെടിവച്ചിരുന്നു. സല്‍മാനെ വധിക്കുമെന്നാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി. സല്‍മാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാന്‍ കാരണമെന്ന് പൊലീസ് പരിശോധിക്കുന്നു. ബാന്ദ്ര ഈസ്റ്റിലെ സിദ്ദിഖിയുടെ മകന്റെ ഓഫിസിന് അടുത്തുവച്ചാണ് വെടിയേറ്റത്. ഇന്നലെ രാത്രി 9.30നാണ് വെടിവയ്പ്പുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബാബ സിദ്ദിഖിയെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍സിപി പരിപാടികളെല്ലാം റദ്ദാക്കി.

Signature-ad

സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. പഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസറും ഒപ്പമുണ്ടായിരുന്നു. അക്രമികള്‍ രണ്ടു മൂന്നു റൗണ്ട് വെടിയുതിര്‍ത്തെന്ന് പൊലീസ് പറഞ്ഞു. ബാബ സിദ്ദിഖി 1999, 2004, 2009 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍, സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: