‘ഉമ്മ മരിച്ചു, ഉമ്മയുടെ സ്‌നേഹം കവര്‍ന്നെടുത്ത ആശയങ്ങളോടുള്ള യുദ്ധം തുടരുകതന്നെ ചെയ്യും, ഈ സമയത്ത് പറഞ്ഞതു കൊണ്ടല്ലേ നിങ്ങള്‍ക്ക് കൊണ്ടത്’; മാതാവിന്റെ മരണവാര്‍ത്ത അറിയിച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആരിഫ്

കൊച്ചി: ഉമ്മയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ വിശ്വാസികളുടെ പ്രതികരണങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി സ്വതന്ത്ര ചിന്തകനും എക്‌സ് മുസ്ലിമുമായ ആരിഫ് ഹുസൈന്‍ തെരുവത്ത്. പോസ്റ്റ് പിന്‍വലിക്കില്ലെന്നും മാപ്പു പറയില്ലെന്നും വ്യക്തമാക്കി ആരിഫ്, ആ പോസ്റ്റിലെ ഓരോ വാക്കും പൂര്‍ണ ബോധ്യത്തോടെയാണ് ഏഴുതിയതെന്നും പറയുന്നു.
‘ഉമ്മ മരിച്ചു. ഹൂറന്‍മാര്‍ക്കുവേണ്ടി സ്വന്തം മകനെവരെ തള്ളിപ്പറഞ്ഞ എന്റെ ജിഹാദി ഉമ്മ ഹൂറന്‍മാര്‍ ഇല്ലാത്ത ലോകത്തേക്കു പോയി. ആദരാഞ്ജലികള്‍’ എന്നായിരുന്നു ആരിഫിന്റെ പോസ്റ്റ്. ഇതിനു താഴെ വിശ്വാസികളും ഇസ്ലാമിക പ്രചാരകരും രൂക്ഷമായ ഭാഷയിലാണ് പ്രതികരണങ്ങളുമായി എത്തിയത്. എന്നാല്‍, ഉമ്മയുടെ സ്‌നേഹം എന്നില്‍നിന്ന് കവര്‍ന്നെടുത്ത, ഉമ്മ വിശ്വസിച്ച ആശയങ്ങളോടുള്ള യുദ്ധം തുടരുകതന്നെ ചെയ്യുമെന്ന് ആവര്‍ത്തിക്കുകയാണ് ആരിഫ് ചെയ്യുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
പോസ്റ്റ് പിന്‍വലിക്കില്ല.
മാപ്പ് പറയാനല്ല, വ്യക്തമാക്കാനാണ്.
എന്റെ ഉമ്മയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് ഞാന്‍ ഇട്ട പോസ്റ്റ് കണ്ട്, എന്നെ സദാചാരവും സ്‌നേഹവും പഠിപ്പിക്കാന്‍ വരുന്നവരോട്…
ആ പോസ്റ്റിലെ ഓരോ വാക്കും ഞാന്‍ പൂര്‍ണ്ണബോധ്യത്തോടെ, കൃത്യമായ ഉദ്ദേശത്തോടെ കുറിച്ചതാണ്. അതിലൊരു വരി പോലും പിന്‍വലിക്കുന്നില്ല. ഖേദിക്കുന്നും ഇല്ല.
കാരണം, അതൊരു മകന്റെ കേവലമായ വിലാപമോ ദേഷ്യമോ ഈര്‍ഷ്യയോ അല്ല; മതം അനാഥമാക്കിയ, മാതാപിതാക്കളാല്‍ വെറുക്കപ്പെട്ട ആയിരക്കണക്കിന് എക്‌സ്-മുസ്ലിം മക്കള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രതിരോധമാണ്. എന്തുകൊണ്ട് ഞാന്‍ അങ്ങനെ എഴുതി? വ്യക്തമായ കാരണങ്ങളുണ്ട്:
1. മരണം വെച്ചുള്ള നിങ്ങളുടെ മുതലെടുപ്പ്:
ഇസ്ലാം ഉപേക്ഷിച്ചവരുടേയോ അവരുടെ മാതാപിതാക്കളുടെയോ, ഇസ്ലാമിനെ വിമര്‍ശിക്കുന്ന മറ്റു സുഹൃത്തുക്കളുടെയോ മരണം സംഭവിച്ചാല്‍, അതിനെ എങ്ങനെയാണ് നിങ്ങള്‍ മതപ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് ഞാന്‍ കണ്ടതാണ്. സയിദ് മുഹമ്മദ് ആനക്കയം, ഗിരീഷ്, ഷിഹാബുദ്ദീന്‍ മേത്തര്‍ എന്നിവരൊക്കെ മരിച്ചപ്പോള്‍ നിങ്ങളുടെ മതം അത് ആഘോഷമാക്കിയതും, അവരുടെ മരണത്തെപ്പോലും ‘ഇസ്ലാം വിട്ടാല്‍ ഇങ്ങനെയിരിക്കും’ എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉപയോഗിച്ചതും ഞാന്‍ മറന്നിട്ടില്ല. മരിച്ചവരെ പോലും വെറുതെ വിടാതിരിക്കുന്ന നിങ്ങളുടെ ആ രീതിക്കുള്ള എന്റെ മറുപടിയാണത്. അത് ഞാന്‍ പറയും. ഉമ്മ ബാപ്പ ഒക്കെ മരിച്ചാല്‍ അന്നേരം മിണ്ടാതെ ഇസ്ലാമിനെ പൊതിഞ്ഞു പിടിക്കുന്ന ആളുകളെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. എന്നെ ആ ഗണത്തില്‍ പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.
2. സ്വര്‍ഗ്ഗത്തിലേക്കുള്ള ക്രൂരമായ ‘കച്ചവടം’:
സ്വന്തം ചോരയേക്കാളും, മക്കളേക്കാളും സ്‌നേഹം പ്രവാചകനോടും മതത്തോടും വേണമെന്ന് പഠിപ്പിക്കുന്ന ക്രൂരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഇരയായിരുന്നു എന്റെ ഉമ്മ. മരണശേഷം കിട്ടുമെന്ന് മതം വാഗ്ദാനം ചെയ്യുന്ന ‘സ്വര്‍ഗ്ഗസുഖങ്ങള്‍ക്ക്’ വേണ്ടി, ജീവിച്ചിരിക്കുന്ന സ്വന്തം മകനെ തള്ളിപ്പറയാനും കൊന്നൊടുക്കാന്‍ കൂട്ട് നില്‍ക്കാനും ഒരമ്മയെ പ്രേരിപ്പിച്ചത് ആ വിശ്വാസമാണ്. സ്വന്തം മക്കളെ ബലികൊടുത്ത് സ്വര്‍ഗ്ഗം വാങ്ങാന്‍ ശ്രമിക്കുന്ന ആ ക്രൂരമായ ‘കച്ചവടത്തെ’ തുറന്നു കാണിക്കേണ്ടത്, ജീവിച്ചിരിക്കുന്ന എന്റെ ബാധ്യതയാണ്. അതിനിയും തുടരും. നിര്‍ലജ്ജം.
3. ജിഹാദും നിങ്ങളുടെ വിറളിയും:
ദൈവത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ത്യജിച്ചു പോരാടുന്നതാണ് ‘ജിഹാദ്’ എങ്കില്‍, സ്വന്തം മാതൃസ്‌നേഹത്തെപ്പോലും കൊന്ന് മതത്തിന് വേണ്ടി മരണം വരെ പോരാടിയ എന്റെ ഉമ്മ ‘ജിഹാദി’ തന്നെയാണ്. ജിഹാദ് പുണ്യമാണെന്ന് പറയുന്ന നിങ്ങള്‍, ഞാന്‍ എന്റെ ഉമ്മയെ അങ്ങനെ ”ജിഹാദി ഉമ്മ” എന്ന് വിളിക്കുമ്പോള്‍ എന്തിനാണ് വിറളിയെടുക്കുന്നത്? അത് ഉമ്മയുടെ മതപരമായ വിജയമല്ലേ? നിങ്ങള്‍ സമാധാനിക്കുക.
4. സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എന്തുണ്ട്?:
ആണുങ്ങള്‍ക്ക് ഹൂറിമാരെയും നിത്യകന്യകമാരെയും വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തില്‍, സ്ത്രീകള്‍ക്ക് എന്ത് കിട്ടും? സ്വന്തം ഭര്‍ത്താക്കന്മാരെ അല്ലാതെ മറ്റാരെയും കിട്ടില്ലെന്നല്ലേ പ്രമാണം? അപ്പോള്‍, ‘എന്റെ ഉമ്മ ഹൂറന്‍മാര്‍ ഇല്ലാത്ത ലോകത്തേക്ക് പോയി’ എന്ന് ഞാന്‍ പറഞ്ഞാല്‍ അതെങ്ങനെയാണ് അപമാനമാകുന്നത്? അത് നിങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ പൊള്ളത്തരമല്ലേ കാണിക്കുന്നത്? ആ സത്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് ഇത്ര അസഹിഷ്ണുത? ഇനി അതല്ല, നിങ്ങളുടെ ഉമ്മ മരിക്കുമ്പോള്‍ ”സ്വര്‍ഗ്ഗത്തിലേക്ക് പോയി” എന്ന് പറയുന്നത് ശരിയാകും എങ്കില്‍, എന്റെ ഉമ്മ ”ഹൂറന്‍മാര്‍ ഇല്ലാത്ത ലോകത്തേക്ക് പോയി” എന്ന് എനിക്കും പറയാന്‍ സാധിക്കും. തല്‍ക്കാലം കടിച്ച് പിടിച്ച്ഇരിക്കുക. ഇതാണ് ഇസ്ലാം.
5. എന്റെ ലക്ഷ്യം:
നിങ്ങള്‍ ഈ പോസ്റ്റും സ്‌ക്രീന്‍ഷോട്ടും പ്രചരിപ്പിക്കുമെന്ന് എനിക്കറിയാം. അത് തന്നെയാണ് എനിക്ക് വേണ്ടതും. എന്നെ തെറിവിളിക്കാനാണെങ്കിലും നിങ്ങള്‍ ഇത് ഷെയര്‍ ചെയ്യുമ്പോള്‍, ഓരോ മുസ്ലിം വീടുകളിലും ഈ ചോദ്യങ്ങള്‍ എത്തും. അല്ല. എത്തികഴിഞ്ഞിരിക്കുന്നു:
– ‘സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി സ്വന്തം മകനെ/മകളെ പുറത്താക്കുന്നതാണോ യഥാര്‍ത്ഥ മാതാപിതാക്കളുടെ കടമ? ഇതാണോ ഇസ്ലാം?”
– ‘സ്വര്‍ഗ്ഗത്തില്‍ പുരുഷന് കിട്ടുന്ന സുഖങ്ങള്‍ പോലും കിട്ടാത്ത സ്ത്രീ, എന്തിനാണ് ആ സ്വര്‍ഗ്ഗത്തിന് വേണ്ടി മകനെ വെറുക്കുന്നത്?’
എന്റെ ഉമ്മയെ എനിക്ക് നഷ്ടമായി. പക്ഷേ ഞാനൊരു വ്യക്തി മാത്രമല്ല. മതത്തിന്റെ പേരില്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട, വെറുക്കപ്പെട്ട അനേകം മനുഷ്യരുടെ ശബ്ദമാണത്.
അവര്‍ക്ക് വേണ്ടിയാണ് ഈ തുറന്നെഴുത്ത്. അത് തുടരും. ഉമ്മ മരിച്ചു, പക്ഷേ ഉമ്മയുടെ സ്‌നേഹം എന്നില്‍ നിന്ന് കവര്‍ന്നെടുത്ത, ഉമ്മ വിശ്വസിച്ച ആ ആശയങ്ങളോടുള്ള എന്റെ യുദ്ധം തുടരുക തന്നെ ചെയ്യും. പിന്നെ ഈ സമയത്താണോ ഇതൊക്കെ എന്ന ചോദ്യം…
ഈ സമയത്ത് പറഞ്ഞപ്പോള്‍ അല്ലേ നിങ്ങള്‍ക്ക് കൊണ്ടത്?
Arif Hussain Theruvath
Ex ജിഹാദി






