ഹൈദരാബാദ്: ഡല്‍ഹി സര്‍വകലാശാല മുന്‍ അദ്ധ്യാപകന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബ അന്തരിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
സായിബാബ ഉള്‍പ്പെടെ ആറു പേരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് മാര്‍ച്ചില്‍ കുറ്റവിമുക്തരാക്കിയിരുന്നു. യുഎപിഎ ചുമത്തിയ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.
2014ല്‍ അറസ്റ്റിലായത് മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. 2022 ഒക്ടോബര്‍ 14ന് ഇതേ കേസില്‍ സായിബാബ ഉള്‍പ്പെട്ട പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീല്‍ പിറ്റേന്നു തന്നെ സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചു. ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്നതു തടഞ്ഞു. തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതിയുടെ വിധി റദ്ദാക്കി.
2017ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയും അനുകൂല വിധി നേടിയെടുക്കുകയുമായിരുന്നു. മാര്‍ച്ചിലാണ് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ മോചിതനായത്. ശാരീരിക അവശതകളെത്തുടര്‍ന്ന് വീല്‍ ചെയറിലായിരുന്നു അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നത്.