CrimeNEWS

ഏലസുകളും നാഗരൂപങ്ങളും വിഗ്രഹങ്ങളും കുഴിച്ചിടും, പിന്നെ ‘ദിവ്യദൃഷ്ടി’ പ്രയോഗം; വ്യാജസിദ്ധന്‍ പിടിയില്‍

തൃശ്ശൂര്‍: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍നിന്നുമാത്രം ഇയാള്‍ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. സി.സി. ടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് റാഫിയുടെ കള്ളി പൊളിച്ചത്.

തൃശ്ശൂര്‍ റൂറല്‍ എസ്.പി: നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമാണ് റാഫിയെ അറസ്റ്റു ചെയ്തത്. ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാള്‍ തന്നെ ‘ദിവ്യദൃഷ്ടി’യിലെന്നു പറഞ്ഞ് കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും. ഏലസുകളും തകിടുകളും നശിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവുമൊക്കെ വെച്ചാണ് തട്ടിപ്പുരംഗങ്ങള്‍ ഒരുക്കിയിരുന്നത്.

Signature-ad

പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്ത് ആറ് ഏലസുകള്‍ പുറത്തെടുത്തു. ഇവര്‍ പോയശേഷം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ റാഫിയുടെ സഹായി പോക്കറ്റില്‍നിന്ന് ഏലസുകള്‍ കുഴിയിലിട്ട് മൂടുന്നതു കണ്ടതോടെയാണ് കള്ളി വെളിച്ചത്തായത്. പരാതി വന്നതോടെ കേസെടുത്ത പോലീസ് വ്യാജസിദ്ധനെ തന്ത്രത്തില്‍ പിടികൂടി. ചോദ്യംചെയ്യലില്‍ റാഫി തട്ടിപ്പ് സമ്മതിച്ചു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: