KeralaNEWS

സി.പിഎം വനിത നേതാവ് ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട് തട്ടിയത് 15 ലക്ഷം; സ്വർണ്ണപണയത്തിൻ്റെ പേരിൽ കായംകുളത്ത് വീട്ടമ്മ തട്ടിയത് ലക്ഷങ്ങൾ

    കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഡിവൈഎഫ്ഐ മുൻ ജില്ല കമ്മിറ്റി അംഗം സചിത റൈ തട്ടിയത് 15 ലക്ഷം. കുമ്പള കിദൂര്‍ സ്വദേശി നിഷ്‌മിത ഷെട്ടിയുടെ പരാതിയില്‍ സച്ചിത റൈക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

കായങ്കുളത്ത് സ്വകാര്യ സ്വർണപണയ സ്ഥാപനത്തിന്‍റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഷൈനി സുശീലൻ (36) എന്ന വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം. കൃഷ്ണപുരത്ത് ‘മിനി കനകം ഫിനാൻസ്’ എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തി ഇടപാടുകാരോട്  ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) കുടുങ്ങിയത്.

Signature-ad

മഞ്ചേശ്വരത്തെ സ്‌കൂൾ അധ്യാപികയാണ്  സചിത റൈ. ‘ഞാനൊരു ടീച്ചർ ആണ് എന്നെ വിശ്വസിക്കാം’ എന്നാണ് സചിത റൈ പറഞ്ഞതെന്നും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയതെന്നും പരാതിക്കാരി നിഷ്‌മിത പറയുന്നു.

മാത്രമല്ല താൻ നൽകിയ പണത്തിന് ജി.എസ്.ടിയായി 5000 രൂപ കൂടി വാങ്ങി എന്ന് ഇവർക്കെതിരെ പരാതി നൽകിയ നിഷ്‌മിത ഷെട്ടി വെളിപ്പെടുത്തി. കർണാടക സ്വദേശിനിയായ നിഷ്‌മിത കുമ്പള കിദൂരിലെ പ്രവാസിയായ യുവാവിനെ വിവാഹം ചെയ്ത് കാസർകോടാണ് താമസം.
സ്വർണാഭരണങ്ങൾ പണയം വെച്ചും സൗദിയിലുള്ള ഭർത്താവിൽ നിന്ന് വാങ്ങിയുമാണ് നിഷ്‌മിത ഷെട്ടി ജോലിക്കായി പണം നൽകിയത്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം വനിതാ വിഭാഗത്തിൻ്റെ ജില്ലാ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിരുന്ന സചിത പ്രസവാവധിയിൽ ഭർത്താവിന്റെ വീടായ കോഴിക്കോടാണ് ഇപ്പോൾ താമസം.  ഇവരെ പാർട്ടി പദവികളി നിന്നും ഒഴിവാക്കി എന്ന് ബന്ധപ്പെട്ടവർ പറയുന്നു.

കർണാടകയിൽ പ്രവർത്തിക്കുന്ന, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ശരിയാക്കി നൽകുന്ന പേഴ്സണൽ സെർച് പോയിന്റ് എന്ന സ്ഥാപന ഉടമ ചന്ദ്രശേഖര കുണ്ടാർ എന്നയാൾക്കാണത്രേ സമിത പലരിൽ നിന്നും വാങ്ങിയ പണം നൽകിയത്. പലരിൽ നിന്നായി 75 ലക്ഷം രൂപ സചിത ഇയാൾക്കു നൽകിയിട്ടുണ്ടെന്നും അറിയുന്നു.
സചിത എയ്ഡഡ് സ്‌കൂളിൽ ജോലി വാങ്ങിയത് 30 ലക്ഷം രൂപ നൽകിയാണന്നും ആരോപണമുണ്ട്.
കായംകുളം കൃഷ്ണപുരത്ത് ‘മിനി കനകം ഫിനാൻസ്’ എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തി ഇടപാടുകാരെ വഞ്ചിച്ച് ഷൈനി സുശീലനെക്കുറിച്ച് നിരവധി പരാതികളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.

സ്വർണം പണയത്തിനു വാങ്ങി പണം നൽകുകയും തിരികെ പണയം എടുക്കാൻ ചെല്ലുമ്പോൾ പണവും പലിശയും വാങ്ങിയിട്ട് പണയ സ്വർണം തിരികെ നൽകാതെയും പുതുതായി തുടങ്ങുന്ന ബിസിനസിലേക്ക് കൂടുതൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് പ്രതി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.

കായംകുളം പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നറിഞ്ഞ ഷൈനി ഒളിവിൽ പോയി ചേർത്തലയിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ നിന്നാണ്
ഷൈനിയെ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: