ന്യൂഡല്‍ഹി: ഇന്ത്യസഖ്യത്തിന്റെ വിജയത്തോടെ ജമ്മു-കശ്മീരില്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവ് ഉറപ്പായി. പ്രത്യേകപദവി റദ്ദാക്കിയതിനുശേഷംനടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ, കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി.യുടെ കടുത്തവിമര്‍ശകരായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജയം കേന്ദ്രത്തിലെ മോദിസര്‍ക്കാരിന് തിരിച്ചടിയാണ്. കശ്മീരിലെ സുപ്രധാന നേതൃമുഖമായ ഒമറിന്റെയും പാര്‍ട്ടിയുടെയും വിജയം ദേശീയരാഷ്ട്രീയത്തില്‍ ഇന്ത്യസഖ്യത്തിന് നേട്ടവുമാണ്. വന്‍ഭൂരിപക്ഷത്തോടെ ജമ്മു-കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമര്‍ നടത്തിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള മണ്ഡലത്തില്‍ ജയിലില്‍ക്കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ജിനിയര്‍ റാഷിദിനോട് നാലരലക്ഷം വോട്ടിന് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ക്ഷീണം ഇനി ഒമറിന് മറക്കാം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ ശപഥമെടുത്തിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിജ്ഞമറന്ന് ഒമര്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങി. പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ വീണ്ടും കളത്തിലിറങ്ങുകയായിരുന്നു. ആ രാഷ്ട്രീയനീക്കത്തിന് ജനവിധി അനുകൂലമാവുകയും ചെയ്തു.
ഹരിയാനയിലെ ഹാട്രിക് ജയത്തോടെ മുഖ്യമന്ത്രി നയാബ് സിങ് സൈനി ബി.ജെ.പി. സര്‍ക്കാരിനെ തുടര്‍ന്നും നയിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിപദവിയില്‍ 200 ദിവസംകഴിഞ്ഞ സൈനി ഇനി ഹരിയാനയില്‍ ബി.ജെ.പി.യെ നയിക്കും. കഴിഞ്ഞ മാര്‍ച്ച് 12-നാണ് സൈനി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ഒ.ബി.സി. നേതാവായ സൈനിയെ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 10 വര്‍ഷം അധികാരത്തിലിരുന്ന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പി. സൈനിയെ രംഗത്തിറക്കിയത്. മുന്‍മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കര്‍ഷകപ്രക്ഷോഭത്തെ കൈകാര്യംചെയ്ത രീതി പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു അത്.
നേരത്തേ സംസ്ഥാന അധ്യക്ഷനായിരുന്ന സൈനി പാര്‍ട്ടിയുടെ അടിത്തറയറിഞ്ഞാണ് കരുനീക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ചുസീറ്റ് നഷ്ടപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി കേടുതീര്‍ക്കാന്‍ സൈനിക്കു സാധിച്ചു. ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജാട്ട് വോട്ടുകളില്‍ ശ്രദ്ധയൂന്നിയപ്പോള്‍, ഒ.ബി.സി. മുഖമായ സൈനിയിലൂടെ ബി.ജെ.പി. പിന്നാക്ക വോട്ടുകള്‍ പെട്ടിയിലാക്കി. സൈനിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമതസ്വരമായ മുതിര്‍ന്നനേതാവ് അനില്‍ വിജിനെയും ചേര്‍ത്തുനിര്‍ത്തി.