KeralaNEWS

അപകടത്തില്‍പ്പെട്ടാല്‍ കെഎസ്ആര്‍ടിസിക്കാര്‍ക്ക് സഹായമില്ല; സ്വന്തം ചെലവില്‍ ചികിത്സിക്കണം

കോഴിക്കോട്: അപകടത്തില്‍പ്പെടുന്ന ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. യാത്രക്കാര്‍ക്കു പരുക്കേറ്റാല്‍ കണ്ടക്ടറുടെ ബാഗിലെ പണത്തില്‍നിന്നു നിശ്ചിത തുക ചെലവാക്കാന്‍ അനുമതിയുണ്ട്. ജീവനക്കാരുടെ കാര്യത്തില്‍ ഇതും അനുവദിക്കുന്നില്ല.

കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്കു പുറപ്പെട്ട ബസിലെ ഡ്രൈവര്‍ അബോധാ വസ്ഥയിലായതിനെത്തുടര്‍ന്ന് ബസ് ഡിവൈഡറില്‍ ഇടിച്ചുനിന്ന സംഭവമുണ്ടായി. ഡ്രൈവറെ ഉടന്‍ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ആരംഭിക്കാനാവശ്യമായ പണം നല്‍കാന്‍ കെഎസ്ആര്‍ടിസി തയാറായില്ല. കണ്ടക്ടറുടെ കൈവശമുള്ള ബാഗിലെ പണം ഉപയോഗിക്കാന്‍ തിരുവനന്തപുരത്ത് ചീഫ് ഓഫിസില്‍ ബന്ധപ്പെട്ടിട്ടുപോലും അനുമതി ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ പിരിവെടുത്താണ് പണം കണ്ടെത്തിയത്.

Signature-ad

സമാനമായ അനുഭവമാണ് ഞായറാഴ്ച മാങ്കാവിനടുത്ത് സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചപ്പോഴുമുണ്ടായത്. അപകടത്തിനിരയായ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സാച്ചെലവ് ഏറ്റെടുക്കാന്‍ കെഎസ്ആര്‍ടിസി തയാറായില്ല. ഡിസ്ചാര്‍ജ് ചെയ്തുപോകാന്‍ കണ്ടക്ടര്‍ സ്വന്തം കയ്യില്‍നിന്ന് പണം നല്‍കിയപ്പോള്‍ ഡ്രൈവര്‍ക്കു തുണയായത് ഇന്‍ഷുറന്‍സ് തുകയാണ്. ഇത്തരം സാഹചര്യത്തില്‍, കണ്ടക്ടറുടെ ബാഗില്‍നിന്ന് നിശ്ചിത തുക ചെലവഴിക്കാന്‍ അനുമതിയുണ്ടായിരുന്നു. കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതോടെയാണ് ഇത് നിരോധിച്ചത്.

 

Back to top button
error: