കൊച്ചി: സി.പി.എം. ലോക്കല്‍ കമ്മിറ്റി യോഗത്തിനുശേഷം പേട്ട ജങ്ഷനില്‍ പാര്‍ട്ടി പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തമ്മിലടിച്ച സംഭവത്തില്‍ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിക്കുകീഴിലുള്ള 10 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റാന്‍ നീക്കം. അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായേക്കും. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ ലോക്കല്‍ കമ്മറ്റിയംഗം അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തര്‍ക്കങ്ങളാണ് നടുറോഡിലെ പരസ്യപോരിലേക്കെത്തിയത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കടുത്ത വിഭാഗീയതയും തര്‍ക്കവുമാണ് പരസ്യമായ കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഘട്ടനത്തേത്തുടര്‍ന്ന് ഇരുപക്ഷത്തുള്ളവര്‍ക്കും പരിക്കേറ്റിരുന്നു.
ലോക്കല്‍ കമ്മിറ്റിയില്‍ 17 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. 16 ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞു. ഇതില്‍ പത്ത് ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റാന്‍ നീക്കം നടക്കുന്നത്. നേരത്തെ ഇവരില്‍ പലര്‍ക്കുമെതിരേ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി നടപടി നേരിട്ടവരാണെന്നതാണ് വിശദീകരണം. കൂടാതെ സംഭവത്തില്‍ എല്‍ സി മെമ്പറടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.
പൂണിത്തുറ ലോക്കല്‍ കമ്മിറ്റി അംഗം വളപ്പിക്കടവ് കൊച്ചുതറയില്‍ കെ.എ. സുരേഷ് ബാബു (62), സൂരജ് ബാബു (34), പൂണിത്തുറ അയ്യങ്കാളി റോഡ് കളത്തിപ്പറമ്പില്‍ സൂരജ് (36), എരൂര്‍ കൊപ്പറമ്പ് പുളിക്കല്‍ ബൈജു (38), പൂണിത്തുറ കളത്തിപ്പറമ്പില്‍ സനീഷ് (39), മരട് മഠത്തില്‍ എന്‍.കെ. സുനില്‍കുമാര്‍ (44) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ പേട്ട ജങ്ഷനിലായിരുന്നു സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി ഉണ്ടായത്. ഇതില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.ആര്‍. സത്യന്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഔദ്യോഗികപക്ഷത്തിന് എതിരേ നില്‍ക്കുന്നവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ വീടുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.