ബംഗളൂരു: കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52) മംഗളൂരു കുളൂര്‍ പാലത്തിനു സമീപം കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ വ്യാപിപ്പിച്ചു. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി- പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മുംതാസ് അലി പാലത്തില്‍ നിന്നു ഫാല്‍ഗുനി പുഴയിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു.
കോസ്റ്റ് ഗാര്‍ഡ്, സംസ്ഥാന ദുരന്തനിവാരണസേന, പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവയും പ്രദേശവാസികളും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകള്‍ പൊലീസിനോടു പറഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുന്നു.