LIFELife Style

എന്നെ കണ്ടതും ഹര്‍ഭജനൊക്കെ ധോണിയെ നോക്കി ചിരി തുടങ്ങി, പെണ്ണുകിട്ടില്ലെന്ന് കരുതി കിട്ടിയപ്പോള്‍ ബോണസായി…

സ്റ്റേജ് പ്രേഗ്രാമുകളില്‍ സജീവ സാന്നിധ്യമാണ് സ്റ്റീഫന്‍ ദേവസ്സി. മികച്ച ഒരു സംഗീത സംവിധായകനും കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ അടുത്തിടെയായി മലയാള സിനിമയില്‍ നിരവധി പിന്നണി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിക്കുന്നുണ്ട്. പതിനാറാം വയസില്‍ ലണ്ടനിലെ പ്രശസ്തമായ ട്രിനിറ്റി കോളജില്‍ നിന്ന് പിയാനോ പഠനം ഉന്നതമായ നിലയില്‍ പൂര്‍ത്തിയാക്കിയാണ് സ്റ്റീഫന്‍ ദേവസ്സി സംഗീത രംഗത്ത് ശ്രദ്ധേയനായത്. ഏഷ്യയില്‍ നിന്ന് ഒരാള്‍ നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായിരുന്നു അത്.

ഓസ്‌കര്‍ പുരസ്‌കാരം നേടി ഇന്ത്യന്‍ സംഗീതത്തിന്റെ അഭിമാനമുയര്‍ത്തിയ എ.ആര്‍ റഹ്‌മാനൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട് സ്റ്റീഫന്‍. സ്റ്റീഫന്‍ ദേവസി ഒരു വേദിയില്‍ കീബോര്‍ഡ് വായിച്ചുവെന്നാല്‍ ദൈവം തൊട്ട വിരലുകളില്‍ തീര്‍ത്ത സംഗീതം കുറേ മനസുകളിലേക്ക് പെയ്തിറങ്ങും. സാക്ഷാല്‍ എ.ആര്‍ റഹ്‌മാന്‍ തന്നെയാണ് ദൈവം തൊട്ട വിരലുകള്‍ എന്ന വിശേഷണം സ്റ്റീഫന് നല്‍കിയത്.

Signature-ad

ഗുമസ്തനാണ് സ്റ്റീഫന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമ. ഗുമസ്തനിലെ പാട്ടുകള്‍ കേട്ടതോടെ സ്റ്റീഫന്‍ ദേവസി ശരിക്കും ഒരു അണ്ടറേറ്റഡ് മ്യുസിഷനാണെന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്. പലപ്പോഴും സിനിമാ പിന്നണി ഗാനങ്ങള്‍ ചെയ്യാന്‍ നല്ല അവസരങ്ങള്‍ സ്റ്റീഫന് ലഭിക്കാറില്ല. ലഭിച്ചിരുന്നുവെങ്കില്‍ ഗുമസ്തനിലേത് പോലെ കൂടുതല്‍ മനോഹര ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് ലഭിക്കുമായിരുന്നു.

ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീത സംവിധാനത്തില്‍ സ്റ്റീഫന്‍ ചുവടുറപ്പിച്ചത്. നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചറായും പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റീഫന്‍ നിരവധി സംഗീത ആല്‍ബങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഗമസ്തന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്റ്റീഫന്‍ ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് സ്റ്റീഫന്‍ സംസാരിച്ച് തുടങ്ങിയത്. തൊപ്പി വെച്ചാല്‍ സ്റ്റീഫന്‍ മറ്റൊരു ധോണിയാണെന്നത് വര്‍ഷങ്ങളായി സ്റ്റീഫന്‍ കേള്‍ക്കുന്ന കമന്റാണ്. ധോണിയെ നേരിട്ട് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം കാണാന്‍ പോയപ്പോള്‍ ഹര്‍ഭജന്‍ സിങ്ങൊക്കെ ഉണ്ടായിരുന്നു. എന്നെ കണ്ടതും അവര്‍ ധോണിയെ നോക്കി ഓരേ ചിരിയായിരുന്നു.

ഞാനും ധോണിയും കാഴ്ചയില്‍ ഒരുപോലെയാണെന്ന് എല്ലാവരും പറയാറുണ്ട്. സംസാരിച്ചിട്ടില്ല… ധോണിക്ക് ഷേക്ക് ഹാന്റ് കൊടുത്തു. സച്ചിനുമായി സംസാരിക്കാനും ഇടപഴകാനും സാധിച്ചിട്ടുണ്ടെന്ന് സ്റ്റീഫന്‍ പറയുന്നു. നടന്‍ മോഹന്‍ലാലുമായും നല്ലൊരു ആത്മബന്ധം സ്റ്റീഫനുണ്ട്. തങ്ങളെ അടുപ്പിച്ചത് സംഗീതമാണെന്നാണ് സ്റ്റീഫന്‍ പറഞ്ഞത്. ലാലേട്ടനുമായുള്ള അടുപ്പം വന്നത് അദ്ദേഹത്തിന് സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടും എനിക്ക് അദ്ദേഹത്തോടുള്ള ആരാധന കൊണ്ടുമാകും.

ഒരിക്കല്‍ എന്റെ ലൈവ് പെര്‍ഫോമന്‍സ് കഴിഞ്ഞ് ലാലേട്ടന്‍ സ്റ്റേജില്‍ കയറി വന്നു. ഉടന്‍ ഞാന്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിക്കാന്‍ പോയി. എന്നാല്‍ അദ്ദേഹം അതിന് സമ്മതിച്ചില്ല. പകരം കയ്യില്‍ ഒരു ഉമ്മ തന്നു. എപ്പോഴും അദ്ദേഹത്തെ കാണാനുള്ള അവസരം കിട്ടാറുണ്ടെന്നും സ്റ്റീഫന്‍ പറയുന്നു. പിന്നീട് കുടുംബത്തെ കുറിച്ചും താരം സംസാരിച്ചു.

ദൈവമാണ് എല്ലാമെന്ന് ചിന്തിക്കുന്നവരാണ് എന്റെ അച്ഛനും അമ്മയും. ഡാഡി മ്യൂസിക്കിനോട് ഇഷ്ടമുള്ളയാളാണ്. ചേട്ടന്‍ വയലിന്‍ വായിക്കും. മ്യൂസിക്കില്‍ നിന്ന് കഴിഞ്ഞാല്‍ പ്രശ്നമുണ്ടാകില്ലെന്ന് ചിന്തിക്കുന്നവരാണ് എന്റെ കുടുംബത്തിലുള്ളത്. പാടരുത് എന്നൊന്നും പറഞ്ഞിട്ടില്ല.

മ്യൂസിക്ക് പ്രൊഫഷനാക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു ചെറിയ ടെന്‍ഷനുണ്ടായിരുന്നു. അന്നും ഇന്നും അവര്‍ക്ക് ആ ടെന്‍ഷനുണ്ട്. ഞങ്ങളുടേത് പെന്തകോസ്ത് കുടുംബമായതുകൊണ്ട് അമ്മയ്ക്ക് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു ചെറിയ വിഷമമാണ്.

പിന്നെ എനിക്ക് പെണ്ണുകിട്ടില്ലെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ കിട്ടിയപ്പോള്‍ അത് ബോണസായി. ഡാഡി കണ്ടുപിടിച്ചതാണ്. നമ്മള്‍ തലയിടേണ്ട ആവശ്യം വന്നില്ല. പ്രേമിച്ച് വീട്ടിലേക്ക് ചെല്ലേണ്ടെന്ന് പലപ്പോഴായി എന്നോട് ഇന്‍ഡയറക്ട്ലി വീട്ടുകാര്‍ സൂചിപ്പിച്ചിരുന്നു.

കരിയറിന്റെ കാര്യം ഞാനും പെണ്ണിന്റെ കാര്യം വീട്ടുകാരും ഏറ്റെടുത്ത് ചെയ്ത് തന്നു. ഒരു സുപ്രഭാതത്തില്‍ പെണ്ണ് കാണാന്‍ പോയി. നാല് മാസം കഴിഞ്ഞപ്പോള്‍ വിവാഹം കഴിഞ്ഞു. സെറ്റായി വരാന്‍ കുറച്ച് കാലം എടുത്തുവെന്നാണ് ഭാര്യയെ കുറിച്ച് സംസാരിക്കവെ സ്റ്റീഫന്‍ പറഞ്ഞത്. ഏക മകനും സ്റ്റീഫന്റെ വഴിയെ സംഗീതത്തിലാണ് കൂടുതല്‍ ശ്രദ്ധ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: