ഭോപ്പാല്‍: മധ്യപ്രദേശില്‍ 16 വര്‍ഷമായി ഭര്‍തൃവീട്ടില്‍ തടവില്‍ കഴിഞ്ഞിരുന്ന യുവതിയെ രക്ഷപ്പെടുത്തി. ഭോപ്പാലിലെ ജഹാംഗീര്‍ബാദിലാണ് സംഭവം. 2006 ല്‍ വിവാഹം കഴിഞ്ഞ റാനു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16 വര്‍ഷമായി ഭര്‍തൃവീട്ടില്‍ തടവില്‍ കഴിഞ്ഞത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജഹാംഗീര്‍ബാദ് പൊലീസ് യുവതിയെ മോചിപ്പിച്ചത്.
2008 മുതല്‍ മകളെ കാണാന്‍ തന്നെയോ കുടുംബത്തെയോ അനുവദിച്ചിരുന്നില്ലെന്നും ക്രൂരമായ പീഡനമാണ് മകള്‍ നേരിടുന്നതെന്നും പിതാവ് കൃഷ്ണ ലാല്‍ സാഹു നല്‍കിയ പരാതിയില്‍ പറയുന്നു.
അടുത്തിടെ യുവതിയുടെ ഭര്‍തൃവീടിനോട് ചേര്‍ന്നുള്ള അയല്‍വാസിയെ കാണാനിടയാവുകയും അയാളാണ് തന്നോട് ക്രൂര പീഡനത്തെതുടര്‍ന്ന് മകളുടെ ആരോഗ്യസ്ഥിതിമോശമാണെന്ന് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനു പിന്നാലെ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തിയത്.
യുവതി ആശുപത്രിയിലാണെന്നും മറ്റ് അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. വീടിന്റെ മുകള്‍ നിലയില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് യുവതിയെ കണ്ടെത്തിയതെന്നും കൃത്യമായി ഭക്ഷണം പോലും ഇവര്‍ക്ക് നല്‍കിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.