Breaking NewsBusinessIndiaLead NewsLIFELife StyleNEWSNewsthen SpecialTRENDINGWorld

ഒറ്റ ദിവസംകൊണ്ട് സ്വര്‍ണവില വലിച്ചു താഴെയിട്ടത് ഈയൊരു പേര്! സ്വര്‍ണത്തിനും വെള്ളിക്കും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവ്; കെവിന്‍ വാര്‍ഷിന്റെ പലിശ നിരക്കിലെ നിലപാടുകള്‍ ഭാവിയിലും നിര്‍ണായകമാകും; പുതിയ നിയമനം പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: സ്വര്‍ണവില റോക്കറ്റ് പരുവത്തില്‍ മുകളിലേക്ക് ഉയര്‍ത്തിയ ട്രംപിന്റെ നിലപാടുകളും പുതിയ നിയമനവും അതേ സ്വര്‍ണവിലയെ ഒറ്റ ദിവസംകൊണ്ട് താഴെയെത്തിച്ചിരിക്കുന്നു. താരിഫ് പ്രഖ്യാപനം മുതല്‍ ഇറാന്‍ യുദ്ധ പ്രഖ്യാപനം വരെ സ്വര്‍ണവിലയെ ബാധിച്ചു. എപ്പോഴൊക്കെ ഡോളര്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നുവോ അപ്പോഴെല്ലാ മഞ്ഞലോഹം മിന്നിത്തിളങ്ങി. ഇന്നലെ ട്രംപ് എടുത്ത തീരുമാനമാണ് സ്വര്‍ണവില വലിച്ചു താഴെയിട്ടത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണവിലയെത്തി.

 

Signature-ad

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,889.40 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. 9.50 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ ഇടിവ് വ്യാഴാഴ്ച 5594.82 ഡോളറിലെത്തിയ ശേഷമായിരുന്നു സ്വര്‍ണ വില താഴോട്ടിറങ്ങിയത്. 1983ന് ശേഷമുള്ള ഏറ്റവും വലിയ ദൈനംദിന ഇടിവാണിത്. 30 ശതമാനം ഇടിഞ്ഞ് 85.15 ഡോളറിലാണ് വെള്ളി വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച 121.64 ഡോളറിലെത്തിയ ശേഷമാണ് വെള്ളിയുടെ ഇടിവ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് വെള്ളിക്കും രേഖപ്പെടുത്തി.

 

ഡോളര്‍ സൂചിക 0.7 ശതമാനം മുന്നേറി. നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് ഡോളര്‍ തിരിച്ചുകയറിയത്. ഇതോടെ വിദേശ വിപണിയില്‍ സ്വര്‍ണം വാങ്ങുന്നതിനു ചെലവേറി. ഇതിനെല്ലാം പിന്നില്‍ കെവിന്‍ വാര്‍ഷിന്റെ വരവാണ്.
ട്രംപിന്റെ കുറഞ്ഞ പലിശനിരക്കുകളെ അനുകൂലിക്കുന്നുണ്ടെങ്കിലും വിപണിയിലേക്ക് പണമിറക്കുന്നതിന് ആശ്രയിക്കുന്ന നയങ്ങളെ കടുത്ത നിലയില്‍ എതിര്‍ക്കുന്നയാളാണു കെവിന്‍.

 

2008 ലെ സാമ്പത്തിക മാന്ദ്യകാലത്ത് ഫെഡറല്‍ റിസര്‍വിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണറില്‍ ഒരാളായിരുന്നു അദ്ദേഹം. മാന്ദ്യകാലത്ത് സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്താന്‍ വിപണിയിലേക്ക് പണം പമ്പ് ചെയ്യുന്ന (ക്വാന്‍ഡിറ്റേറ്റീവ് ഈസീങ്) രീതി ഫെഡ് ആദ്യം അവതരിപ്പിച്ചതും ഈ സമയത്താണ്. ഈരീതിക്ക് എതിരായിരുന്നു കെവിന്‍ വാര്‍ഷ്. ബോണ്ട് വാങ്ങുന്നത് പണപ്പെരുപ്പം വര്‍ധിക്കുമെന്നും വിപണിയെ തകര്‍ക്കുമെന്നും കെവിന്‍ നിലപാടെടുത്തു. വിലക്കയറ്റം തടയാന്‍ പലിശനിരക്ക് (ഹോക്കിഷ്) വര്‍ധിപ്പിക്കണമെന്നും നിലപാടെടുത്തു.

ഉയര്‍ന്ന പലിശ നിരക്കുകളും ശക്തമായ ഡോളറും സ്വര്‍ണത്തിന്റെ വിലയിടിക്കും. ഡോളര്‍ ദുര്‍ബലമാകുന്ന സമയത്താണ് സ്വര്‍ണം മികച്ച പ്രകടനം നടത്തുന്നത്. ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പലിശ നിരക്ക് കുറയ്ക്കാന്‍ താല്‍പര്യപ്പെടുന്നൊരാളെ നിയമിക്കും എന്നാണ് മാസങ്ങളായി വിപണി പ്രതീക്ഷിച്ചിരുന്നത്. വാര്‍ഷിന്റെ വരവ് ഇതിന് വിരുദ്ധമായി. ഇതോടെ സ്വര്‍ണം, വെള്ളി വിപണികള്‍ തകര്‍ന്നു.

നിലവിലെ ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന് മേയ് മാസം വരെ കാലാവധിയുണ്ട്. ഇതിന് ശേഷം വാര്‍ഷ് സ്ഥാനമേല്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ഷ് സ്ഥാനമേറ്റെടുത്ത ശേഷം തന്റെ പഴയനിലപാടുകള്‍ തുടരുകയാണെങ്കില്‍ ഇത് സ്വര്‍ണവിലയില്‍ വിലയൊരു വഴിത്തിരിവാകും. എന്നാല്‍ ട്രംപിനെ പിണക്കി അദ്ദേഹം മുന്നോട്ട് പോകില്ലെന്നും പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നും വാദിക്കുന്ന വിഭാഗവുമുണ്ട്. അങ്ങനെയെങ്കില്‍ പലിശ നിരക്ക് കുറയുന്ന ഘട്ടത്തില്‍ സ്വര്‍ണ വിലയും മുന്നേറും.

why-gold-price-crash-after-trump-annnouce-kevin-warsh-as-new-fed-chairman

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: