IndiaNEWS

ഈ മരുന്നുകള്‍ വാങ്ങല്ലേയെന്ന് സി.ഡി.എസ്.സി.ഒ! ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റമോളടക്കം 53 മരുന്നുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകളെ ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ച് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍.53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ല (നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി- എന്‍എസ്‌ക്യു) എന്ന് കേന്ദ്ര ഡ്രേഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) ഏറ്റവും പുതിയഡ്രഗ് അലേര്‍ട്ട് ലിസ്റ്റില്‍ പറയുന്നു.പാരസെറ്റമോള്‍ മുതല്‍ പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കാത്സ്യം, വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് മരുന്നുകളുടെ പട്ടിക.

വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സി സോഫ്ട്ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ഗുളികകള്‍,പ്രമേഹത്തിനുള്ള ഗ്ലിമെപിറൈഡ്,രക്തസമ്മര്‍ദ്ദത്തിനുള്ള ടെല്‍മിസാര്‍ട്ടന്‍ എന്നിവയുള്‍പ്പെടെ പട്ടികയില്‍ ഉണ്ട്.കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളും ഗുണനിലവാരമില്ലാത്തതാണ്.ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ,പിഎസ്യു ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡ് നിര്‍മ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.

Signature-ad

ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്ന ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവര്‍ & ക്യൂര്‍ ഹെല്‍ത്ത്കെയര്‍ നിര്‍മ്മിച്ച ഷെല്‍കലും പരിശോധനയില്‍ പരാജയപ്പെട്ടു.കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് അല്‍കെം ഹെല്‍ത്ത് സയന്‍സിന്റെ ആന്റിബയോട്ടിക്കുകളായ ക്ലാവം 625, പാന്‍ ഡി എന്നിവ വ്യാജമാണെന്നും കണ്ടെത്തി.ഗുരുതര ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട സെപോഡെം എക്‌സ്പി 50 ഡ്രൈ സസ്‌പെന്‍ഷന്‍ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.

ഹെറ്ററോ ഡ്രഗ്സ്, ആല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍),കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയന്‍സസ്, പ്യുവര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയാണ് ഈ മരുന്നുകള്‍ നിര്‍മ്മിക്കുന്നത്.

സംസ്ഥാന ഡ്രഗ് ഓഫിസര്‍മാര്‍ നടത്തുന്ന പ്രതിമാസ മരുന്ന് പരിശോധനയിലാണ് എന്‍എസ്‌ക്യു അലേര്‍ട്ട് സൃഷ്ടിക്കുന്നത്.ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളുടെ രണ്ട് ലിസ്റ്റുകള്‍ ഡ്രഗ് റെഗുലേറ്റര്‍ പങ്കിട്ടു.ഒന്നില്‍ 48 ജനപ്രിയ മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും മരുന്നുകള്‍ വ്യാജമാണെന്ന് പറഞ്ഞ് കമ്പനികള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ പരിശോധനകളില്‍ പരാജയപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മറുപടി വിഭാഗത്തോടൊപ്പം 5 മരുന്നുകളും രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള 156-ലധികം ഫിക്സഡ് ഡോസ് മരുന്ന് കോമ്പിനേഷനുകള്‍ ഓഗസ്റ്റില്‍ സിഡിഎസ്സിഒ ഇന്ത്യന്‍ വിപണിയില്‍ നിരോധിച്ചു. ഈ മരുന്നുകളില്‍ ജനപ്രിയ പനി മരുന്നുകള്‍, വേദനസംഹാരികള്‍, അലര്‍ജി ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: