KeralaNEWS

മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ജനങ്ങള്‍ക്കൊപ്പം; കവര്‍ ചിത്രം മാറ്റി പി.വി അന്‍വര്‍

മലപ്പുറം: വിവാദങ്ങള്‍ക്കിടെ ഫെയ്‌സ്ബുക്കില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം നീക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവര്‍ചിത്രമായി നല്‍കിയിരുന്നത്.

സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്‍വര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കവര്‍ ചിത്രം നീക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അന്‍വറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.

Signature-ad

എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയായിരുന്നു അന്‍വറിന്റെ ആരോപണം. എന്നാല്‍ പി ശശിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ആളാണ് അന്‍വര്‍ എന്നു പറഞ്ഞ മുഖ്യമന്ത്രി, അന്‍വറിനു സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നല്‍കി. പാര്‍ട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അന്‍വര്‍ നേരിട്ടു മാധ്യമങ്ങളെ കണ്ടതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിനു മറുപടിയുമായി അന്‍വര്‍ രംഗത്തെത്തി.

പിന്നാലെയാണ് അന്‍വറിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിറക്കി. അന്‍വറിന്റെ നിലപാടുകള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാന്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധമായി മാറുകയാണ്. അന്‍വര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. ഇതോടെയാണ് പാര്‍ട്ടി നിര്‍ദേശം ശിരസാ വഹിക്കുന്നുവെന്ന് അന്‍വര്‍ വ്യക്തമാക്കിയത്. താന്‍ പാര്‍ട്ടി വിടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: