CultureLIFE

തൂശനിലയിട്ട് ഉപ്പിടാത്ത ചോറും 14 ഇനം വിഭവങ്ങളും; വയറുനിറച്ചുണ്ട് കുരങ്ങന്മാര്‍, മനം നിറഞ്ഞ് കുട്ടികളും

കാസര്‍കോട്: കാഞ്ഞങ്ങാട് ഇടയിലക്കാട്ട് വാനരന്മാര്‍ക്ക് ഇത്തവണയും ഓണസദ്യയൊരുക്കി. ചോറിനൊപ്പം വിവിധ പഴങ്ങളും പച്ചക്കറികളുമാണ് സദ്യയില്‍ വിളമ്പിയത്. ഇടയിലക്കാട് കാവിന് സമീപം റോഡരികിലാണ് ഓണസദ്യയൊരുക്കിയത്. പച്ചക്കറിയും പഴങ്ങളും ചോറുമായി 15ഓളം വിഭവങ്ങളാണ് കുരങ്ങന്മാര്‍ക്കുള്ള സദ്യയില്‍ ഇലയില്‍ ഇടം പിടിച്ചത്.

ഡെസ്‌ക്കില്‍ തൂശനില വിരിച്ച് ചോറ് വിളമ്പി. വാനരന്മാര്‍ക്കുള്ള സദ്യ ആയതു കൊണ്ട് തന്നെ കറികള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും. പപ്പായ, സപ്പോട്ട, പേരയ്ക്ക, പാഷന്‍ ഫ്രൂട്ട്, മാങ്ങ, തണ്ണിമത്തന്‍, കൈതച്ചക്ക, നേന്ത്രപ്പഴം തുടങ്ങിയവ നിരന്നു. കക്കിരി, വെള്ളരി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, നെല്ലിക്ക എന്നിവയും ഉപ്പു ചേര്‍ക്കാത്ത ചോറിനൊപ്പം. കുരങ്ങന്മാര്‍ കുടുംബ സമേതം തന്നെ വിഭവ സമൃദ്ധമായ സദ്യ കഴിക്കാനെത്തി.

Signature-ad

പ്രദേശവാസിയായ ചാലില്‍ മാണിക്കമ്മ എന്ന വയോധിക കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഇവരുടെ വീട്ടില്‍ വച്ചാണ് പച്ചക്കറികളും പഴങ്ങളും തയ്യാറാക്കിയതെന്നാണ് പരിപാടിയുടെ സംഘാടകരിലൊരാളായ പി വേണുഗോപാലന്‍ പറയുന്നത്. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണാഘോഷത്തിന്റെ ഭാഗമായി കുരങ്ങന്മാര്‍ക്ക് സദ്യയൊരുക്കിയത്. കുട്ടികള്‍ വിഭവങ്ങളുമേന്തി, ഓണപ്പാട്ടുകള്‍ പാടിയാണ് കാവരികിലെത്തിയത്. ഓണം സഹജീവികള്‍ക്കു കൂടിയുള്ളതാണെന്ന ഓര്‍മപ്പെടുത്തലായി മാറി കൗതുകം നിറഞ്ഞ ഈ സദ്യയൂട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: