IndiaNEWS

രാഹുല്‍ ഗാന്ധിയെ എക്‌സില്‍ ‘പപ്പു’ എന്ന് പരാമര്‍ശിച്ച് യുപിയിലെ ജില്ലാ കലക്ടര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ എക്‌സില്‍ പപ്പു എന്ന് വിളിച്ച് ഉത്തര്‍പ്രദേശിലെ ജില്ലാ കലക്ടര്‍. ഗൗതം ബുദ്ധനഗര്‍ ജില്ലാ കലക്ടറായ മനീഷ് വര്‍മയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിന്റെ എക്സ് പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമര്‍ശമുള്ളത്.

‘നിങ്ങള്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെയും കുറിച്ച് മാത്രം ആശങ്കപ്പെട്ടാല്‍ മതിയെന്നായിരുന്നു’ കമന്റ്. പോസ്റ്റില്‍ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

കലക്ടറുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ രംഗത്തെത്തി. രൂക്ഷവിമര്‍ശനവുമായി സുപ്രിയയും രംഗത്തെത്തി. ‘ഇത് നോയിഡയിലെ ജില്ലാ കലക്ടറാണ്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം നിങ്ങള്‍ കാണണം. ഭരണാധികാരികളില്‍ നിറയെ സംഘികളാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ അവര്‍ ഭരണഘടനാ പദവികളില്‍ ഇരുന്നു വിദ്വേഷം പരത്തുകയാണ്’ അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും വിമര്‍ശനുവമായി രംഗത്തെത്തി. ‘ബിജെപി ഭരണത്തിന് കീഴില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താന്‍ ഇപ്പോള്‍ ഉത്തരവിട്ടിട്ടുണ്ടോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇതോടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി മജിസ്‌ട്രേറ്റ് രംഗത്തെത്തി. സാമൂഹ്യവിരുദ്ധര്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ പൊലീസില്‍ പരാതി നല്‍കി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കലക്ടറുടെ അവകാശവാദത്തെ വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വിമര്‍ശിച്ച് രംഗത്തെത്തി.

അക്കൗണ്ടിലെ പോസ്റ്റുകളുടെ സമയം പരിശോധിച്ചാല്‍ ഔദ്യോഗിക പോസ്റ്റുകള്‍ അക്കൗണ്ടില്‍ വന്ന സമയത്താണ് വിവാദ കമന്റും പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. 13-ന് രാത്രി 7.34-നാണ് വിവാദമായ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയത്ത് തന്നെ വെള്ളക്കെട്ടിലായ ഒരു ഗ്രാമം കലക്ടര്‍ സന്ദര്‍ശിക്കുന്ന പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് മുമ്പ് വൈകുന്നേരം 5.59 നാണ് മറ്റൊരു പോസ്റ്റ് വന്നിരിക്കുന്നത്.

 

Back to top button
error: